
വാഷിംങ്ടൺ: 1390 ഡോളർ യു എസിലെ നികുതിദായകരുടെ അക്കൗണ്ടിലേക്ക് വിതരണം ചെയ്യുമെന്ന പ്രചാരണത്തിൻ്റെ കൂടുതൽ സത്യാവസ്ഥകൾ പുറത്ത്. സമൂഹമാധ്യമങ്ങളിൽ താഴ്ന്ന, ഇടത്തരം വരുമാനമുള്ള അമേരിക്കക്കാർക്ക് ഉടൻതന്നെ 1,390 ഡോളറിൻ്റെ ചെക്കുകൾ ലഭിക്കുമെന്നാണ് പ്രചരിച്ചിരുന്നത്. എന്നാൽ യുഎസിലെ ഈ സമ്മറിൽ നികുതിദായകർക്ക് ഒരു തുകയും പുതിയ സ്റ്റിമുലസ് ചെക്കുകളായി നൽകാൻ പദ്ധതിയില്ലെന്ന് ഇൻ്റേണൽ റവന്യു സർവീസസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.
യുഎസ് കോൺഗ്രസ് ഇത്തരം സാമ്പത്തിക സഹായങ്ങൾ നിയമനിർമാണത്തിലൂടെ അംഗീകരിക്കുകയും യുഎസ് ട്രഷറി ഡിപ്പാർട്ട്മെൻ്റ് വിതരണം ചെയ്യുകയും വേണം. എന്നാൽ കോൺഗ്രസ് ഇതുവരെ അത്തരം പേയ്‌മെന്റുകൾക്ക് അംഗീകാരം നൽകുന്ന നിയമനിർമാണം പാസാക്കിയിട്ടില്ല. ഇൻ്റേണൽ റവന്യു സർവീസസിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ട് പ്രകാരം, വരുന്ന ആഴ്ചകളിൽ പുതിയ സ്റ്റിമുലസ് ചെക്കുകളൊന്നും വിതരണം ചെയ്യില്ലെന്നും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഈ അവകാശവാദങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും വിവിധ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.
അതേസമയം, താരിഫുകളിൽ നിന്നുള്ള വരുമാനം ഉപയോഗിച്ച് നികുതി ഇളവുകൾ നൽകുന്ന ഒരു ബിൽ റിപ്പബ്ലിക്കൻ സെനറ്റർ ജോഷ് ഹൗലി അവതരിപ്പിച്ചിരുന്നു. ഓരോ നികുതിദായകനും താരിഫ് വരുമാനത്തിൽനിന്ന് കുറഞ്ഞത് 600 ഡോളർ വീതം നൽകാനും കുട്ടികൾക്ക് അധിക പേയ്‌മെന്റുകൾ നൽകാനും ആ ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു. ട്രംപിന്റെ താരിഫുകളിലൂടെ രാജ്യത്തിന് നൽകുന്ന സമ്പത്ത് സാധാരണക്കാർക്ക് ലഭിക്കണമെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം താരിഫ് വരുമാനം പങ്കുവെക്കുന്നതിലൂടെ അമേരിക്കക്കാരുടെ കയ്യിൽ കൂടുതൽ പണം എത്തുമെന്നും വാദിച്ചു. പക്ഷേ, സെനറ്റിലോ ഹൗസിലോ ഇതുവരെ ഹൗലിയുടെ ഈ ബിൽ പാസ്സായിട്ടില്ല.