
ന്യൂഡല്‍ഹി : കോടീശ്വരനായ വ്യവസായി മുകേഷ് അംബാനിയുടെ ഇളയ മകന്‍ അനന്ത് എം. അംബാനിക്ക് ലഭിക്കുന്ന വാര്‍ഷിക ശമ്പളത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ചര്‍ച്ചയാകുന്നു. മെയ് മാസത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ (ആര്‍ഐഎല്‍) എക്‌സിക്യൂട്ടീവ് ഡയറക്ടറായി സ്ഥാനക്കയറ്റം ലഭിച്ച അനന്ത് അംബാനിക്ക് ആര്‍ഐഎല്ലില്‍ നിന്ന് 10-20 കോടി രൂപ വാര്‍ഷിക പ്രതിഫലം ലഭിക്കുമെന്നാണ് സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഫയലിംഗ് പറയുന്നത്.
”ശമ്പളം, ആനുകൂല്യങ്ങള്‍, അലവന്‍സുകള്‍ എന്നിവ പ്രതിവര്‍ഷം 10 കോടി മുതല്‍ 20 കോടി രൂപ വരെയായിരിക്കും. വാര്‍ഷിക ഇന്‍ക്രിമെന്റുകള്‍ എച്ച്ആര്‍എന്‍ആര്‍ (എച്ച്ആര്‍, നോമിനേഷന്‍, വേതനം) കമ്മിറ്റി നിര്‍ണ്ണയിക്കുന്നത് അനുസരിച്ചായിരിക്കും,” ഫയലിംഗില്‍ പറയുന്നു. അനന്ത് അംബാനിയുടെ സഹോദരങ്ങളായ ഇഷ അംബാനിയും ആകാശ് അംബാനിയും ആര്‍ഐഎല്‍ ബോര്‍ഡിലെ നോണ്‍-എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരാണ്. ഇഷ അംബാനി റീട്ടെയില്‍ ബിസിനസ്സ് നോക്കുന്നു, ആകാശ് ആര്‍ഐഎല്ലിന്റെ ഡിജിറ്റല്‍ വിഭാഗമായ ജിയോ പ്ലാറ്റ്ഫോമുകളുടെ ചെയര്‍മാനാണ്.
‘താമസസൗകര്യം, അല്ലെങ്കില്‍ അതിനു പകരമായി വീട്ടുവാടക അലവന്‍സ് എന്നിവയും ഇതില്‍ ഉള്‍പ്പെടും. മാത്രമല്ല, വീടിന്റെ അറ്റകുറ്റപ്പണി അലവന്‍സിനൊപ്പം ചെലവുകളുടെ റീഇംബേഴ്സ്മെന്റ്, ഗ്യാസ്, വൈദ്യുതി, വെള്ളം, ഫര്‍ണിഷിംഗ്, അറ്റകുറ്റപ്പണികള്‍, ആശ്രിതര്‍ ഉള്‍പ്പെടെയുള്ള സ്വന്തം കുടുംബത്തിനുള്ള യാത്രാ ഇളവ് എന്നിവയൊക്കെ ലാഭ വിഹിതത്തില്‍ നിന്നും ലഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജിയോ പ്ലാറ്റ്‌ഫോമുകൾ, റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്‌സ്, റിലയൻസ് ന്യൂ എനർജി, റിലയൻസ് ന്യൂ സോളാർ എനർജി തുടങ്ങിയ നിരവധി റിലയൻസ് ഗ്രൂപ്പ് കമ്പനികളുടെ ബോർഡുകളിൽ അദ്ദേഹം അംഗമാണ്. 2022 സെപ്റ്റംബർ മുതൽ റിലയൻസ് ഫൗണ്ടേഷന്റെ ബോർഡ് അംഗവുമാണ് അനന്ത്.