
വാഷിംഗ്ടൺ: വാഷിംഗ്ടൺ ഡിസിയിലുള്ള പ്രശസ്തമായ ജോൺ എഫ്. കെന്നഡി സെന്റർ ഫോർ പെർഫോമിംഗ് ആർട്‌സിന്റെ പേര് മാറ്റി പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പേര് ഉൾപ്പെടുത്തിയതിൽ പ്രതിഷേധിച്ച് പ്രമുഖ സംഗീതജ്ഞൻ തന്റെ പരിപാടി റദ്ദാക്കി. വർഷങ്ങളായി കെന്നഡി സെന്ററിൽ ക്രിസ്മസ് തലേന്ന് നടത്തിവരുന്ന ‘ജാസ് കൺസേർട്ട്’ ആണ് അതിന്റെ സംഘാടകനും ഡ്രമ്മറുമായ ചക് റെഡ് ഒഴിവാക്കിയത്.
കഴിഞ്ഞ ആഴ്ച കെന്നഡി സെന്റർ ബോർഡ് ഓഫ് ട്രസ്റ്റീസ് സ്ഥാപനത്തിന്റെ പേര് “ട്രംപ് കെന്നഡി സെന്റർ” എന്നാക്കി മാറ്റാൻ വോട്ടെടുത്ത് തീരുമാനിച്ചിരുന്നു. തുടർന്ന് കെട്ടിടത്തിന്റെ മുൻഭാഗത്ത് ട്രംപിന്റെ പേര് പതിച്ച പുതിയ ബോർഡുകൾ സ്ഥാപിക്കുകയും വെബ്സൈറ്റിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്തു.
കഴിഞ്ഞ വെള്ളിയാഴ്ച പേര് മാറ്റം ശ്രദ്ധയിൽപെട്ട ഉടനെ തന്നെ ക്രിസ്മസ് തലേന്നുള്ള ജാസ് ജാം കൺസേർട്ട് റദ്ദാക്കാൻ തീരുമാനിച്ചുവെന്ന് ചക് റെഡ് ഒരു പ്രസ്താവനയിൽ അറിയിച്ചു.
പതിറ്റാണ്ടുകളായി ഈ പരിപാടിയുമായി ബന്ധപ്പെട്ട വ്യക്തിയാണ് അദ്ദേഹം. ട്രംപിന്റെ പേര് ചേർത്തതിനെതിരെ മുൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയുടെ കുടുംബാംഗങ്ങൾ, ജനപ്രതിനിധികൾ, കലാകാരന്മാർ തുടങ്ങിയവർ രംഗത്തുവന്നിട്ടുണ്ട്. ചരിത്രപ്രധാനമായ ഈ സ്ഥാപനത്തിന്റെ പേര് മാറ്റുന്നത് നിയമവിരുദ്ധമാണെന്ന വാദവും ഉയർന്നുവരുന്നുണ്ട്.
രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങൾക്ക് തന്റെ പേര് നൽകണമെന്ന ട്രംപിന്റെ ആഗ്രഹത്തിന്റെ ഭാഗമായാണ് ഈ നടപടിയെന്നാണ് വിലയിരുത്തൽ. നേരത്തെ വിമാനത്താവളങ്ങൾക്കും മറ്റ് പൊതു സ്ഥാപനങ്ങൾക്കും തന്റെ പേര് നൽകുന്ന കാര്യം ട്രംപ് ചർച്ച ചെയ്തിരുന്നു. ഈ പേര് മാറ്റത്തിനെതിരെ നിയമനടപടികൾക്ക് മുതിരാൻ കെന്നഡി കുടുംബം തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകളുണ്ട്. അമേരിക്കൻ സാംസ്കാരിക മേഖലയിൽ വലിയ വിവാദങ്ങൾക്കാണ് ഈ സംഭവം ഇടയാക്കിയിരിക്കുന്നത്.















