
വാഷിംഗ്ടൺ: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വൈറ്റ് ഹൗസിൽ ദീപാവലി ആഘോഷം സംഘടിപ്പിച്ച് ദിവസങ്ങൾക്കകം, ഫ്ലോറിഡയിലെ അദ്ദേഹത്തിന്റെ മർ എ ലാഗോ റിസോർട്ട് ഒന്നാമത് അമേരിക്കൻ ഹിന്ദു-ജൂത കോൺഗ്രസ് ഗാലയ്ക്ക് വേദിയായി. ഇന്ത്യൻ വംശജരായ ഉദ്യോഗസ്ഥരും, സിഇഒമാരും, പ്രതിനിധികളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്ത ദീപാവലി ആഘോഷത്തിന് പിന്നാലെയാണ് ഈ പരിപാടി നടന്നത്. സെമിറ്റിക് വിരുദ്ധതയേയും ഹിന്ദു വിരുദ്ധ വിവേചനത്തേയും ചെറുക്കുന്നതിന് വേണ്ടി സമർപ്പിക്കപ്പെട്ട ഈ ചടങ്ങിൽ ട്രംപിന്‍റെ മരുമകൾ ലാറ ട്രംപ് ഉൾപ്പെടെ നിരവധി പ്രമുഖ വ്യക്തികൾ പങ്കെടുത്തു.
സെമിറ്റിക് വിരുദ്ധതയേയും ഹിന്ദു വിരുദ്ധ വിവേചനത്തേയും ചെറുക്കുകയും, നമ്മുടെ രണ്ട് സമൂഹങ്ങളെയും അടുപ്പിക്കുകയും ചെയ്യുന്ന ഈ മികച്ച സംഘടനയ്ക്ക് പിന്തുണ നൽകുന്ന ഈ മനോഹരമായ പരിപാടിയിൽ പങ്കെടുക്കുന്നതിൽ അഭിമാനിക്കുന്നു എന്ന് മർ എ ലാഗോയിലെ ട്രംപ് എസ്റ്റേറ്റിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് കോഹാനിം കുറിച്ചു.
ട്രംപിന്‍റെ നിലപാടുകളെ സമാധാന നിർമ്മാതാവിന്‍റേത് എന്ന് വിശേഷിപ്പിച്ചുകൊണ്ട് ലാറ ട്രംപ് വൈകുന്നേരത്തെ ചടങ്ങിനിടെ നടത്തിയ പ്രസംഗത്തിൽ ശ്രദ്ധേയമായ പരാമർശം നടത്തി. ഡോണൾഡ് ട്രംപ് ലോകമെമ്പാടുമുള്ള എട്ട് സംഘർഷങ്ങൾക്ക് പരിഹാരം കണ്ടു എന്നത് തികച്ചും ശ്രദ്ധേയമാണെന്ന് ലാറ പറഞ്ഞു. വൈറ്റ് ഹൗസിൽ വെച്ച് റിപ്പോർട്ടർമാരോട് സംസാരിക്കുമ്പോൾ യുഎസ് പ്രസിഡന്‍റ് സ്ഥിരമായി മുന്നോട്ട് വെക്കാറുള്ള യുദ്ധം പരിഹരിച്ചതിനെക്കുറിച്ചുള്ള പ്രസ്താവനകൾ അവർ ആവർത്തിക്കുകയും, അദ്ദേഹത്തിന്‍റെ ഈ പുരോഗതിക്ക് എട്ട് നൊബേൽ സമ്മാനങ്ങൾ നൽകേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ടു.














