
ഷിക്കോഗോ : ഷിക്കാഗോയിൽ കഴിഞ്ഞദിവസം നടന്ന ഐസിഇ വിരുദ്ധ പ്രതിഷേധങ്ങൾ അക്രമാസക്തമായതിനു പിന്നാലെ ഇതിൽ ഉൾപ്പെട്ട നാല് പേർക്കെതിരെ കേസെടുത്ത് ഫെഡറൽ കുറ്റം ചുമത്തി. പോൾ ഐവറി, ഹ്യൂബർട്ട് മസൂർ, റേ കോളിൻസ്, ജോസെലിൻ റോബ്ലെഡോ എന്നിവരെയാണ് പ്രതിഷേധത്തിൽ കസ്റ്റഡിയിലെടുത്തത്.
ശനിയാഴ്ച നടന്ന മൾട്ടി-ഡേ പ്രതിഷേധത്തിനിടെ ബ്രോഡ്‌വ്യൂ ഐസിഇ കേന്ദ്രത്തിന് പുറത്ത് ഉദ്യോഗസ്ഥരെ ആക്രമിച്ചതിനാണ് നാല് പ്രതികൾക്കെതിരെയും കേസെടുത്തിരിക്കുന്നത്. കുറ്റാരോപിതരായ വ്യക്തികളിൽ ഒരാളായ പോൾ ഐവറി, പ്രതിഷേധത്തിനിടെ ഫെഡറൽ ഏജന്റുമാർക്ക് നേരെ മോശം ആംഗ്യം കാണിച്ചെന്നും “ഞാൻ ഇപ്പോൾ തന്നെ നിന്നെ കൊല്ലും” എന്ന് പറയുകയും വാഹനം ആക്രമിച്ച് തകർത്തെന്നും കോടതി രേഖകളിൽ പറയുന്നു.
പ്രതിഷേധത്തിനിടെ കോളിൻസും റോബ്ലെഡോയും സെമി ഓട്ടോമാറ്റിക് പിസ്റ്റളുകൾ കൈവശം വച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. എന്നാൽ, കോടതി രേഖകൾ പ്രകാരം ഇവർക്ക് തോക്കുകൾ കൈവശം വയ്ക്കാൻ നിയമപരമായ അനുമതിയുണ്ടായിരുന്നു.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് നടന്ന വാർത്താ സമ്മേളനത്തിൽ, ഇല്ലിനോയിസ് ഗവർണർ ജെ.ബി. പ്രിറ്റ്‌സ്‌കർ ഫെഡറൽ ഉദ്യോഗസ്ഥർക്കെതിരെ രംഗത്തെത്തി. ഫെഡറൽ ഉദ്യോഗസ്ഥർ ബ്രോഡ്‌വ്യൂവിലെ പ്രതിഷേധക്കാർക്കും പത്രപ്രവർത്തകർക്കും കാഴ്ചക്കാർക്കും നേരെ കണ്ണീർ വാതകം, കുരുമുളക് സ്‌പ്രേ, റബ്ബർ ബുള്ളറ്റുകൾ, ഫ്ലാഷ്-ബാംഗ് ഉപകരണങ്ങൾ എന്നിവ പ്രയോഗിച്ചു. ട്രംപ് ഭരണകൂടം ഷിക്കാഗോയെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.