ഡൽഹിക്ക് പിന്നാലെ യുപിയിലും അഫ്ഗാൻ മന്ത്രിയുടെ സന്ദർശനത്തിൽ വനിതാ മാധ്യമപ്രവർത്തകർക്ക് വിലക്ക്; രൂക്ഷ വിമർശനവുമായി പ്രതിപക്ഷം

ലക്‌നൗ: ഉത്തർപ്രദേശിലെ ദേവ്ബന്ദിൽ അഫ്ഗാനിസ്താൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖിയുടെ സന്ദർശനം റിപ്പോർട്ട് ചെയ്യാൻ വനിതാ മാധ്യമപ്രവർത്തകർക്ക് പ്രവേശനം നിഷേധിച്ച സംഭവം വിവാദമായി. സഹാറന്‍പുര്‍ ജില്ലയിലെ പ്രശസ്ത ഇസ്ലാമിക സെമിനാരിയായ ദാറുൽ ഉലൂം സന്ദർശിക്കാൻ എത്തിയ മന്ത്രിയുടെ പരിപാടി കവർ ചെയ്യാൻ വനിതാ മാധ്യമപ്രവർത്തകർക്ക് അനുമതി നൽകിയില്ല. ഇന്നലെ ഡൽഹിയിൽ നടന്ന മുത്തഖിയുടെ പത്രസമ്മേളനത്തിലും അഫ്ഗാൻ എംബസി വനിതകൾക്ക് പ്രവേശനം നിഷേധിച്ചിരുന്നു. ഈ നടപടി ദാറുൽ ഉലൂമിന്റെ പാരമ്പര്യത്തിന്റെ ഭാഗമാണെന്നാണ് അധികൃതർ വിശദീകരിച്ചത്.

മന്ത്രി പ്രസംഗിക്കാൻ നിശ്ചയിച്ചിരുന്ന ലൈബ്രറിയിൽ വനിതാ മാധ്യമപ്രവർത്തകരെ കർട്ടന് പിന്നിൽ ഇരുത്തുമെന്ന് ദാറുൽ ഉലൂം അറിയിച്ചിരുന്നെങ്കിലും, പരിപാടി റദ്ദാക്കി. അഞ്ച് മണിക്കൂർ നീണ്ടുനിൽക്കേണ്ടിയിരുന്ന സന്ദർശനം മുത്തഖി രണ്ട് മണിക്കൂറായി വെട്ടിച്ചുരുക്കി ഡൽഹിയിലേക്ക് മടങ്ങി. വിദ്യാർത്ഥികളുമായി സംവദിച്ച മന്ത്രി, തനിക്ക് ലഭിച്ച സ്വീകരണത്തിൽ അതീവ സന്തുഷ്ടനാണെന്ന് ഒരു ഉദ്യോഗസ്ഥൻ അറിയിച്ചു.

1866-ൽ സ്ഥാപിതമായ ദേവ്ബന്ദ് സെമിനാരി ലോകത്തിലെ പ്രമുഖ ഇസ്ലാമിക വിദ്യാഭ്യാസ കേന്ദ്രങ്ങളിലൊന്നാണ്. അഫ്ഗാനിസ്താനിലെ താലിബാന്റെ പാഠശാലയായ ദാറുൽ ഉലൂം ഹഖാനിയ ഈ മാതൃകയിൽ സ്ഥാപിതമായതാണ്. മന്ത്രി ജംഇയ്യത്തുൽ ഉലമെ ഹിന്ദ് നേതാവ് മൗലാന അർഷാദ് മദ്‌നിയുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും രാഷ്ട്രീയം ചർച്ച ചെയ്തില്ലെന്ന് മദ്‌നി വ്യക്തമാക്കി.

അതേസമയം അഫ്ഗാൻ മന്ത്രിയുടെ സന്ദർശനത്തിൽ വനിതാ മാധ്യമപ്രവർത്തകർക്ക് വിലക്കേർപ്പെടുത്തിയതിൽ രൂക്ഷ വിമർശനം ഉയർന്നിട്ടുണ്ട്. സംഭവത്തിൽ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമടക്കമുള്ളവർ കടുത്ത വിമർശനവുമായി രംഗത്തെത്തി. സ്ത്രീകൾക്ക് വേണ്ടി നിലകൊള്ളാൻ പ്രധാനമന്ത്രിക്ക് കഴിയുന്നില്ലെന്ന് വ്യക്തമാകുന്നതാണ് ഈ സംഭവമെന്ന് രാഹുല്‍ പറഞ്ഞു. എല്ലായിടത്തും തുല്യപങ്കാളിത്തത്തിന് സ്ത്രീകൾക്ക് അർഹതയുണ്ട്. വിവേചനങ്ങൾക്കെതിരെയുള്ള മൗനം, നാരീശക്തി മുദ്രാവാക്യങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടുന്നുവെന്നും രാഹുൽ വ്യക്തമാക്കി. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയണമെന്ന് പ്രിയങ്ക ഗാന്ധി എം പി എക്‌സിൽ കുറിച്ചു. പ്രധാനമന്ത്രി ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണം. സ്ത്രീകളുടെ അവകാശങ്ങളിലെ താങ്കളുടെ നിലപാടുകൾ ഒരു തെരഞ്ഞെടുപ്പിൽനിന്നും മറ്റൊന്നിലേക്കുള്ളത് മാത്രമല്ലെങ്കിൽ പിന്നെ എങ്ങനെയാണ് സ്ത്രീകൾ നട്ടെല്ലും അഭിമാനവുമായ രാജ്യത്ത്, കഴിവുള്ള സ്ത്രീകള്‍ അപമാനിക്കപ്പെടുന്നതെന്ന് പ്രിയങ്ക ചോദിച്ചു.

അതേസമയം വിഷയത്തിൽ പ്രതിഷേധവുമായി വനിതാ മാധ്യമ പ്രവർത്തകർ രംഗത്തെത്തി. അമിർ ഖാൻ മുത്തഖി കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു മാധ്യമങ്ങളെ കണ്ടത്. എന്നാൽ വാർത്താസമ്മേളനത്തിലേക്ക് പുരുഷ മാധ്യമപ്രവർത്തകരെ മാത്രമാണ് ക്ഷണിച്ചത്. ഡൽഹിയിലെ അഫ്ഗാനിസ്ഥാൻ എംബസിയിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു വാർത്താ സമ്മേളനം. വിമർശനങ്ങൾ ഉയർന്നതോടെ വനിത മാധ്യമ പ്രവർത്തകരെ ഒഴിവാക്കിയതിൽ പങ്കില്ലെന്നും വാര്‍ത്താസമ്മേളനവുമായി യാതൊരു ബന്ധവുമില്ലെന്നുമാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.

More Stories from this section

family-dental
witywide