
വാഷിംഗ്ടൺ: യുഎസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപിന്‍റെ നയങ്ങൾ കാരണം അടുത്ത ഐഫോണിന് ഗണ്യമായ വില വർദ്ധനവ് ഉണ്ടാകാൻ സാധ്യതയെന്ന് റിപ്പോര്‍ട്ടുകൾ. യുഎസ് പ്രസിഡന്‍റ് ഏർപ്പെടുത്തിയ വ്യാപകമായ താരിഫുകൾ കാരണം ഐഫോണിന്റെ വില 2,300 ഡോളർ വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ സൂചിപ്പിക്കുന്നത്.
പുതിയ ഭരണകൂടത്തിന് കീഴിൽ ഗണ്യമായ പുതിയ താരിഫുകൾ ചുമത്തപ്പെട്ട ചൈന പോലുള്ള രാജ്യങ്ങളിൽ നിന്ന് നിർമ്മിക്കുകയും ഇറക്കുമതി ചെയ്യുകയും ചെയ്യുന്ന വിവിധ ഉപഭോക്തൃ ഉൽപ്പന്നങ്ങളുടെ വില അമേരിക്കയിൽ ഉയരാൻ പുതിയ ലെവികൾ കാരണമാകും.
ചെലവുകൾ 30 ശതമാനം മുതൽ 40 ശതമാനം വരെ വർദ്ധിക്കാമെന്ന് വിശകലന വിദഗ്ധർ സൂചിപ്പിക്കുന്നു. കമ്പനികൾ ഈ അധിക ചിലവ് ഉപഭോക്താക്കളിലേക്ക് കൈമാറാൻ പദ്ധതിയിടുന്നുണ്ടോ എന്നത് വ്യക്തമല്ല. താരിഫുകളുടെ ആഘാതത്തെക്കുറിച്ച് മിക്ക ടെക് കമ്പനികളും ഇതുവരെ പ്രതികരിച്ചിട്ടില്ല. അതിന്റെ വിശദാംശങ്ങൾ ഇപ്പോഴും വ്യക്തമല്ല.
മിക്ക ഐഫോണുകളും ഇപ്പോഴും ചൈനയിലാണ് നിർമ്മിക്കുന്നത്. അവിടെ 54 ശതമാനം താരിഫാണ് ട്രംപ് ചുമത്തിയിട്ടുള്ളത്. ഈ ലെവികൾ നിലനിൽക്കുകയാണെങ്കിൽ, ആപ്പിളിന് ഒന്നെങ്കില്‍ അധിക ചെലവ് സ്വയം വഹിക്കുക അല്ലെങ്കിൽ ഉപഭോക്താക്കളിലേക്ക് കൈമാറുക എന്നത് മാത്രമാണ് മുന്നിലുള്ള മാര്‍ഗം. വ്യാഴാഴ്ച കമ്പനിയുടെ ഓഹരികൾ 9.3 ശതമാനം ഇടിഞ്ഞ് 2020 മാർച്ചിന് ശേഷമുള്ള ഏറ്റവും മോശം ദിവസത്തിലേക്ക് എത്തിച്ചേർന്നിരുന്നു.