
ബംഗളൂരു : ഇന്ത്യയില്‍ നിന്നും ഏറ്റവും അധികം മൊബൈല്‍ ഫോണുകള്‍ കയറ്റുമതി ചെയ്യുന്ന വിദേശ കമ്പനിയാണ് ആപ്പിള്‍. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 1.5 ലക്ഷം കോടി രൂപയുടെ ഐഫോണുകളാണ് കയറ്റുമതി ചെയ്തത്. ഇപ്പോഴിതാ, യുഎസ് ഐഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍ ബംഗളൂരുവില്‍ ഏകദേശം 2.7 ലക്ഷം ചതുരശ്ര അടിയുടെ ഓഫീസ് കെട്ടിടം 10 വര്‍ഷത്തേക്ക് വാടകയ്ക്ക് എടുത്തിരിക്കുകയാണ്.
പ്രതിമാസം 6.3 കോടി രൂപയാണ് വാടകയായി നല്‍കുക. അതായത് ഇക്കാലയളവില്‍ 1010 കോടിയോളം രൂപ ആപ്പിള്‍ വാടക നല്‍കേണ്ടി വരും. റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ എംബസി ഗ്രൂപ്പില്‍ നിന്ന് കാര്‍ പാര്‍ക്കിംഗ് സ്ഥലം ഉള്‍പ്പെടെയാണ് കെട്ടിടം പാട്ടത്തിന് എടുത്തിരിക്കുന്നത്. കെട്ടിടത്തിലെ 5 മുതല്‍ 13 വരെയുള്ള ഒമ്പത് നിലകളാണ് ആപ്പിള്‍ പാട്ടത്തിനെടുത്തിരിക്കുന്നത്.
കരാര്‍ ഈവര്‍ഷം ഏപ്രില്‍ 3 മുതലാണ് പ്രാബല്യത്തില്‍ വന്നതെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ കുറയ്ക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപില്‍ നിന്നും സമ്മര്‍ദ്ദമുണ്ടായിട്ടും ആപ്പിളില്‍ നിന്നുള്ള ഈ നീക്കം ശ്രദ്ധേയമാണ്. കമ്പനിയുടെ പുതിയ നീക്കം ഇന്ത്യയില്‍ മികച്ച നിക്ഷേപം കൊണ്ടുവരികയും ചെയ്യും.