പ്രതിരോധ രഹസ്യം ചൈനക്ക് കൈമാറിയെന്ന് അമേരിക്ക; തനിക്കെതിരായ എല്ലാ കുറ്റങ്ങളും നിഷേധിക്കുന്നുവെന്ന് അറസ്റ്റിലായ ഇന്ത്യൻ വംശജനായ യുഎസ് വിദേശകാര്യ വിദഗ്ധൻ 

വാഷിങ്ടന്‍: പ്രതിരോധ രഹസ്യങ്ങള്‍ നിയമവിരുദ്ധമായി കൈവശം വെച്ചെന്നാരോപിച്ച് യുഎസ് അറസ്റ്റുചെയ്ത ഇന്ത്യന്‍ വംശജനായ വിദേശകാര്യവിദഗ്ധന്‍ കുറ്റങ്ങള്‍ നിഷേധിച്ചു. ആഷ്ലി ജെ ടെല്ലിസ് എന്ന 64കാരനാണ് യുഎസിലെ വെര്‍ജീനിയയില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായത്. പ്രതിരോധ രഹസ്യങ്ങള്‍ ചൈനയ്ക്കു കൈമാറിയിട്ടുണ്ടാവാമെന്ന ആരോപണവും ഇദ്ദേഹത്തിനെതിരെ എഫ്ബിഐ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്. 10 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണു ചുമത്തിയിരിക്കുന്നത്.

രഹസ്യ രേഖകള്‍ സൂക്ഷിക്കുകയും ചൈനീസ് ഉദ്യോഗസ്ഥരെ കാണുകയും ചെയ്തതായി ഇദ്ദേഹത്തിനെതിരെ ആരോപണമുണ്ട്. എന്നാല്‍, ഇതിലൊന്നും വസ്തുതകളില്ലെന്നും അദ്ദേഹത്തിനെതിരായ എല്ലാ ആരോപണങ്ങളെയും എതിര്‍ക്കുമെന്നും അഭിഭാഷകര്‍ പറഞ്ഞു. ‘അദ്ദേഹത്തിനെതിരെ കൊണ്ടുവന്ന ആരോപണങ്ങളെ, പ്രത്യേകിച്ച് ഒരു വിദേശ എതിരാളിക്കുവേണ്ടി അദ്ദേഹം പ്രവര്‍ത്തിക്കുന്നുവെന്ന സൂചനകളെ ഞങ്ങള്‍ ശക്തമായി എതിര്‍ക്കും,’ ടെല്ലിസിന്റെ അഭിഭാഷകര്‍ വ്യക്തമാക്കി.

2001 മുതല്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഉപദേഷ്ടാവായി സേവനമനുഷ്ഠിക്കുകയായിരുന്നു ഇദ്ദേഹം. അമേരിക്കന്‍ പ്രതിരോധ,വിദേശനയ രംഗത്ത് ആദരിക്കപ്പെടുന്ന ടെല്ലിസ് ജോര്‍ജ് ഡബ്ല്യു ബുഷ് ഭരണകാലത്ത് ഇന്ത്യ-യുഎസ് ആണവക്കരാറിന്റെ (2008) രൂപീകരണത്തില്‍ മുഖ്യപങ്ക് വഹിച്ച വ്യക്തിയാണ്.

Arrested Indian-origin US foreign affairs expert Ashley J Tellis denies all charges against him.

More Stories from this section

family-dental
witywide