നിലമ്പൂർ വിജയത്തിനിടെ ആര്യാടൻ കുടുംബത്ത് വേദന, ആര്യാടൻ മുഹമ്മദിൻ്റെ സഹോദരൻ ആര്യാടൻ മമ്മു അന്തരിച്ചു

മലപ്പുറം: ആര്യാടൻ ഷൗക്കത്തിന്റെ നിലമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനിടെ ആര്യാടൻ കുടുംബത്ത് വേദന. മുൻമന്ത്രിയും കോൺഗ്രസിലെ അതികായരിൽ ഒരാളുമായിരുന്ന പരേതനായ ആര്യാടൻ മുഹമ്മദിൻ്റെ സഹോദരൻ ആര്യാടൻ മമ്മു അന്തരിച്ചു. 73 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സക്കിടെയാണ് അന്ത്യം സംഭവിച്ചത്. കബറടക്കം നാളെ രാവിലെ 9.30ന് നിലമ്പൂർ മുക്കട്ട ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും.

ആര്യാടന്‍ മുഹമ്മദിന്‍റെ മകന്‍ ആര്യാടന്‍ ഷൗക്കത്ത് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച ദിവസത്തിലായിരുന്നു മമ്മുവിന്‍റെ വിയോഗമെന്നത് കുടുംബത്തിൽ വേദനയായി. ഭാര്യ: സൈനബ, മക്കൾ രേഷ്മ, ജിഷ്മ, റിസ്വാൻ. മരുമക്കൾ: മുജീബ് അത്തിമണ്ണിൽ, സമീർ, മരുമകൾ ആയിഷ ലുബിന. ആര്യാടൻ മുഹമ്മദിന്‍റെ വസതിയില്‍ ഇന്ന് വൈകിട്ട് 5.30 മുതല്‍ മൃതദേഹം പൊതു ദർശനത്തിന് വെച്ചിട്ടുണ്ട്.