
കോട്ടയം : നിലമ്പൂരില്‍ പോരാട്ടച്ചൂട് കനക്കുമ്പോള്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് പുതുപ്പള്ളിയിലെ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ എത്തി പുഷ്പാര്‍ച്ചന നടത്തി. ചാണ്ടി ഉമ്മന്‍ എംഎല്‍എയാണ് സ്ഥാനാര്‍ഥിയെ സ്വീകരിച്ചത്.
ഫ്രാന്‍സിസ് ജോര്‍ജ് എംപി, കെ സി ജോസഫ്, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, ജോഷി ഫിലിപ്പ് തുടങ്ങിയവര്‍ ഷൗക്കത്തിനൊപ്പം എത്തിയിരുന്നു.
തുടര്‍ന്ന് ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ മെഴുകുതിരി തെളിച്ചു പുഷ്പാര്‍ച്ചന നടത്തിയ ഷൗക്കത്ത് തന്റെ പിതാവിനൊപ്പം ഏറെക്കാലം പ്രവര്‍ത്തിച്ച ഉമ്മന്‍ചാണ്ടി തനിക്ക് പിതൃതുല്യനായിരുന്നുവെന്നും, അദ്ദേഹത്തിന്റെ ഓര്‍മ്മകളെപ്പോഴും തനിക്കൊപ്പമുണ്ടെന്നും പറഞ്ഞു.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ ദുര്‍ഭരണവും, നിലമ്പൂരിനോടുള്ള അവഗണനയും വോട്ടായി മാറുമെന്നും യു ഡി എഫ് പ്രചാരണ രംഗത്ത് ഒരുപാട് മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനു പിന്നാലെ പിതാവ് ആര്യാടന്‍ മുഹമ്മദിന്റെ കബറിടത്തിലെത്തിയ ഷൗക്കത്ത് വിങ്ങിപ്പൊട്ടി കരഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് പ്രചരണം തുടങ്ങുന്നതിന് മുന്‍പായി പ്രാര്‍ത്ഥിക്കാനെത്തിയപ്പോഴാണ് ഷൗക്കത്ത് വികാരാധീനനായത്. ഡി സി സി പ്രസിഡന്റ് വി എസ് ജോയ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും അന്ന് ആര്യാടന്‍ ഷൗക്കത്തിനൊപ്പം ഉണ്ടായിരുന്നു.
പിതാവാണ് തന്റെ ശക്തിയും ദൗര്‍ബല്യവുമെന്ന് ആര്യാടന്‍ ഷൗക്കത്ത് പ്രാര്‍ത്ഥനയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. തന്റെ പിതാവിന്റെയും വി.വി പ്രകാശിന്റെയും അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും നഷ്ടപ്പെട്ട നിലമ്പൂരിനെ തിരിച്ചുപിടിക്കുക എന്നത് മാത്രമാണ് ഇനി മുന്‍പിലുള്ളതെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.