
സിഡ്‌നി: ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവയ്പ്പിൽ ലോകമെമ്പാടുമുള്ള ജൂത സമൂഹത്തിൽ ആശങ്കയിൽ. ജൂത വിഭാഗത്തെ ലക്ഷ്യമിട്ടുള്ള തീവ്രവാദ ആക്രമണമായി പ്രഖ്യാപിക്കപ്പെട്ട ഈ സംഭവത്തിൽ 15 പേർ കൊല്ലപ്പെടുകയും 40-ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹനൂക്ക ആഘോഷത്തിന്‍റെ ആദ്യ രാത്രിയിൽ ഒത്തുകൂടിയ നൂറുകണക്കിന് ആളുകൾക്ക് നേരെയാണ് ആക്രമണം നടന്നത്. ബിസി 165-ഓടെ മക്കബീയൻമാർ സിറിയക്കാർക്കെതിരെ നേടിയ വിജയത്തിൻ്റെയും ജറുസലേമിലെ രണ്ടാമത്തെ ദേവാലയം പുനഃപ്രതിഷ്ഠിച്ചതിൻ്റെയും ഓർമ്മ പുതുക്കലാണ് ഹനുക്ക, ഇത് ഇരുട്ടിനുമേൽ പ്രകാശത്തിൻ്റെ വിജയം ആഘോഷിക്കുന്ന സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള പാരമ്പര്യമാണ്.
ഓസ്‌ട്രേലിയൻ നഗരങ്ങളിൽ അടുത്തിടെയായി വർദ്ധിച്ചു വരുന്ന ജൂതവിരുദ്ധ ആക്രമണങ്ങളുടെ തുടർച്ചയായാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്. അമേരിക്കയിലെ ജൂത സമൂഹവും വലിയ പ്രതിഷേധമാണ് ഉയർത്തുന്നത്. സിഡ്‌നി എക്കാലത്തും എല്ലാ ആളുകൾക്കും ഒരു സുരക്ഷിത താവളമായിരുന്നു എന്ന് അമേരിക്കൻ ഫ്രണ്ട്സ് ഓഫ് ലുബവിച്ച് എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റ് റബ്ബി ലെവി ഷെംടോവ് പറഞ്ഞു.
“എന്നാൽ സമീപകാലത്ത് കാര്യങ്ങൾ വളരെ മോശമായി മാറിയിരിക്കുന്നു. ഇത് സംഭവിക്കുമെന്ന് ആളുകൾക്ക് അറിയാമായിരുന്നു. അവർ പ്രധാനമന്ത്രിയോട് എന്തെങ്കിലും ചെയ്യാൻ അപേക്ഷിച്ചു, പക്ഷേ അദ്ദേഹം പലപ്പോഴും അലസത കാണിക്കുകയോ മറുഭാഗത്തേക്ക് തിരിയുകയോ ചെയ്തു,” ഷെംടോവ് ആരോപിച്ചു. ആക്രമണം നടത്തിയത് പാകിസ്ഥാൻ വംശജരായ സാജിദ് അക്രം (50), മകൻ നവീദ് അക്രം (24) എന്നിവരാണെന്ന് റിപ്പോർട്ടുകളുണ്ട്. അക്രമികളിൽ ഒരാൾ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റ് പോലീസ് കസ്റ്റഡിയിൽ ചികിത്സയിലുമാണ്.











