
ക്വാലാലംപൂർ: തായ്‌ലൻഡും കംബോഡിയയും തമ്മിലുള്ള സമാധാന ഉടമ്പടിക്ക് മധ്യസ്ഥത വഹിച്ച ശേഷം മലേഷ്യയിലെ ക്വാലാലാംപൂരിലെത്തിയ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്, പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനെയും സൈനിക മേധാവിയായ ഫീൽഡ് മാർഷൽ ആസിം മുനീറിനെയും മഹത്തായ വ്യക്തികൾ എന്ന് വിശേഷിപ്പിച്ചു. പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിൽ അടുത്തിടെ ആരംഭിച്ച സംഘർഷം യുഎസ് ഉടൻ പരിഹരിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. തന്‍റെ സാന്നിധ്യത്തിൽ ഒപ്പുവെച്ച തായ്‌ലൻഡ്-കംബോഡിയ സമാധാന കരാർ വളരെ ദീർഘകാല സമാധാനമായിരിക്കും എന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
“പാകിസ്ഥാനിലെ ഫീൽഡ് മാർഷലും പ്രധാനമന്ത്രിയും മഹത്തായ വ്യക്തികളാണ്. അത് ഞങ്ങൾ വേഗത്തിൽ ചെയ്തു തീർക്കുമെന്ന കാര്യത്തിൽ എനിക്ക് സംശയമില്ല. ഈ പ്രശ്നം കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് തുടങ്ങിയത്. ഇത് എനിക്ക് ചെയ്യാൻ കഴിയുന്ന ഒന്നാണെന്ന് എനിക്ക് തോന്നുന്നു.ഞാൻ ഇത് മനോഹരമായി ചെയ്യും. ഇത് ചെയ്യേണ്ട ആവശ്യം എനിക്കില്ലായിരിക്കാം.
പക്ഷെ എനിക്ക് സമയം എടുക്കാനും ദശലക്ഷക്കണക്കിന് ജീവൻ രക്ഷിക്കാനും കഴിയുമെങ്കിൽ, അത് തീർച്ചയായും വലിയ കാര്യമാണ്. ഇതിലും മികച്ചതായി എനിക്ക് ഒന്നും ചെയ്യാനില്ല. എൻ്റെ ഭരണകൂടം എട്ട് മാസത്തിനുള്ളിൽ എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചു – ഇതുപോലെ മറ്റൊന്നും മുമ്പ് ഉണ്ടായിട്ടില്ല. ഒരിക്കലും. ഇനി ഉണ്ടാവുകയുമില്ല. ഒരു യുദ്ധമെങ്കിലും പരിഹരിച്ച ഒരു പ്രസിഡൻ്റിനെക്കുറിച്ച് എനിക്ക് ചിന്തിക്കാൻ കഴിയുന്നില്ല. അവർ യുദ്ധങ്ങൾ തുടങ്ങുകയാണ് ചെയ്യുന്നത്” ട്രംപ് പറഞ്ഞു.
















