
ടെക്‌സസ്: കനത്ത മഴയെത്തുടര്‍ന്ന് ടെക്‌സസിലെ ഹില്‍ കണ്‍ട്രിയെ തകര്‍ത്ത വെള്ളപ്പൊക്കത്തില്‍ കുറഞ്ഞത് 13 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. പെണ്‍കുട്ടികളുടെ വേനല്‍ക്കാല ക്യാമ്പില്‍ നിന്ന് 20 ലധികം കുട്ടികളെ കാണാതായതായി റിപ്പോര്‍ട്ടുണ്ട്. ബോട്ടിലും ഹെലികോപ്റ്ററിലുമായി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
സെന്‍ട്രല്‍ കെര്‍ കൗണ്ടിയില്‍ രാത്രിയില്‍ കുറഞ്ഞത് 25 സെന്റീമീറ്റര്‍ മഴയാണ് പെയ്തതത്. ഇത് ഗ്വാഡലൂപ്പ് നദിയില്‍ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് കാരണമായി. സ്ഥിതിഗതികള്‍ മോശമായി തുടരുകയാണെന്നും മരണസംഖ്യ ഉയര്‍ന്നേക്കാമെന്നും അധികൃതര്‍ അറിയിച്ചു. നിരവധി പേരെയാണ് കാണാതായത്. ഇവരുടെ കണക്കുകള്‍ ഇനിയും വ്യക്തമല്ല.
ഇതുവരെ 10 മൃതദേഹങ്ങള്‍ കണ്ടെത്തിയതായി ലെഫ്റ്റനന്റ് ഗവര്‍ണര്‍ ഡാന്‍ പാട്രിക് പറഞ്ഞു. അതേസമയം, വെള്ളപ്പൊക്കത്തില്‍ 13 പേര്‍ മരിച്ചതായി കെര്‍ കൗണ്ടി ഷെരീഫ് ലാറി ലീത റിപ്പോര്‍ട്ട് ചെയ്തു.