
കെയ്‌റോ/ഗാസ: ഇസ്രായേൽ, ഹമാസ്, യുഎസ് പ്രതിനിധി സംഘങ്ങൾ പരോക്ഷ വെടിനിർത്തൽ ചർച്ചകൾക്കായി ഈജിപ്തിലുള്ള സമയത്തും ഗാസയിൽ ആക്രമണങ്ങൾ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഗാസയിൽ എട്ട് പലസ്തീനികൾ കൊല്ലപ്പെടുകയും 61 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇസ്രായേൽ ബോംബാക്രമണം ഉടനടി നിർത്താൻ യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് ആവശ്യപ്പെട്ട് ദിവസങ്ങൾക്ക് ശേഷമാണ് വീണ്ടും മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
ഗാസ സിറ്റിയിലെ അൽ റിമാൽ പരിസരത്ത് താമസിക്കുന്ന മുഹമ്മദ് അൽ ജറൂ സിഎൻഎന്നിനോട് സംസാരിച്ചു. ബുധനാഴ്ച താഴ്ന്ന ഉയരത്തിൽ യുദ്ധവിമാനങ്ങൾ പറക്കുന്നത് കണ്ടെന്നും ചൊവ്വാഴ്ച രാത്രി മുഴുവൻ വ്യോമാക്രമണങ്ങളും സ്ഫോടനങ്ങളും നടന്നെന്നും അദ്ദേഹം പറഞ്ഞു. “ഈ വ്യോമാക്രമണങ്ങളിലും സ്ഫോടനങ്ങളിലും ഭൂരിഭാഗവും സൈന്യം മുന്നേറിയ അതേ പ്രദേശങ്ങളിലായിരുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
വടക്കൻ ഗാസയിലെ അൽ-ശാതി ക്യാമ്പിൽ അഭയം തേടിയിട്ടുള്ള ഇസ്മായിൽ സായിദെയും താൻ അഭയം തേടിയ സ്ഥലത്ത് നിന്ന് വെടിയൊച്ചകൾ കേൾക്കാമായിരുന്നു എന്ന് പറഞ്ഞു.
ഈജിപ്തിൽ ചർച്ചകൾ തുടരുമ്പോഴും ഗാസയിലെ സാഹചര്യങ്ങൾ സങ്കീർണമായി തുടരുകയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.