
വാഷിംഗ്ടൺ: റഷ്യൻ എണ്ണ, പ്രതിരോധ ഉപകരണങ്ങൾ എന്നിവ വാങ്ങിയതിന് ഇന്ത്യക്ക് 25 ശതമാനം അധിക താരിഫ് ഏർപ്പെടുത്തിയതിനെ തുടർന്ന് ഇന്ത്യയും യുഎസും തമ്മിലുള്ള തർക്കം വർധിച്ചുവരുന്ന സാഹചര്യത്തിൽ, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ്. യുഎസ് ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയാണ്. അവസാനം നമ്മൾ ഒരുമിക്കുമെന്ന് ഞാൻ കരുതുന്നുവെന്ന് ഫോക്സ് ബിസിനസിന് നൽകിയ അഭിമുഖത്തിൽ ബെസന്‍റ് പറഞ്ഞു.
ഞങ്ങൾക്ക് ഇപ്പോഴും ഒരു കരാറില്ല. കൂടാതെ ചർച്ചകളോടുള്ള ഇന്ത്യയുടെ നിലപാട് പ്രകടനപരമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മെയ്-ജൂൺ മാസത്തോടെ വ്യാപാര കരാർ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, ഇന്ത്യ ഈ കരാറിനോട് മിതമായ സമീപനമാണ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. വിമോചന ദിനത്തിന് ശേഷം താരിഫ് ചർച്ചകൾ ആരംഭിക്കാൻ ഇന്ത്യ നേരത്തെ വന്നതാണ്. എന്നിട്ടും ഞങ്ങൾക്ക് ഒരു കരാറില്ല. മെയ് അല്ലെങ്കിൽ ജൂൺ മാസത്തോടെ കരാർ ഉണ്ടാകുമെന്ന് ഞാൻ കരുതിയിരുന്നു. എന്നാൽ ഇന്ത്യ ചർച്ചകളിൽ ഞങ്ങളെക്കൊണ്ട് കൂടുതൽ സമയം ചെലവഴിച്ചു. റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നതിലൂടെ അവർ ലാഭം നേടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉന്നത തലത്തിൽ വളരെ നല്ല ബന്ധമുണ്ട് എന്നും ബെസന്റ് പറഞ്ഞു.
















