അക്രമി ആദ്യം എത്തിയത് ഇളയ മകന്റെ മുറിയില്‍, ഒരു കോടി രൂപ ആവശ്യപ്പെട്ടു, പരുക്കേറ്റവരില്‍ മലയാളി നഴ്‌സും

മുംബൈ: വ്യാഴാഴ്ച പുലര്‍ച്ചെ മുംബൈയിലെ ബാന്ദ്ര വെസ്റ്റിലെ വീട്ടില്‍ വെച്ച് ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാനെ കുത്തിപ്പരുക്കേല്‍പ്പിച്ചയാള്‍ ഒരു കോടി രൂപ ആവശ്യപ്പെട്ടതായി പൊലീസ്. സെയ്ഫിന്റെ നാല് വയസ്സുള്ള മകന്‍ ജഹാംഗീറിനെ പരിചരിക്കുന്ന മലയാളി നഴ്‌സ് ഏലിയാമ്മ ഫിലിപ്പാണ് അക്രമിയെ ആദ്യം കണ്ടത്. അക്രമി കത്തിയുമായാണ് കുട്ടിയുടെ മുറിയിലേക്ക് പ്രവേശിച്ചത്. നഴ്‌സിനും പരുക്കേറ്റിട്ടുണ്ട്. ഇവര്‍ ഉറക്കെ ശബ്ദം വെച്ചതിനെ തുടര്‍ന്നാണ് സെയ്ഫ് ഓടിയെത്തിയത്.

സെയ്ഫും അക്രമിയും വാക്കുതര്‍ക്കം ഉണ്ടായതോടെ ആറ് തവണ കുത്തേറ്റു. കാര്‍ ഓടിക്കാന്‍ ആ സമയത്ത് ഡ്രൈവര്‍ വീട്ടിലുണ്ടായിരുന്നില്ല. ഇതോടെ ഓട്ടോറിക്ഷയില്‍ മകന്‍ ഇബ്രാഹിം അദ്ദേഹത്തെ നഗരത്തിലെ ലീലാവതി ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ശസ്ത്രക്രിയയ്ക്ക് വിധേയമായ നടന്റെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്.

സംഭവ സമയത്ത് ഭാര്യയും നടിയുമായ കരീനയും രണ്ട് കുട്ടികളും വീട്ടിലുണ്ടായിരുന്നു. ബാന്ദ്ര വെസ്റ്റിലെ പന്ത്രണ്ട് നില കെട്ടിടത്തില്‍ മുകളിലത്തെ നാല് നിലകളിലായി പരന്നുകിടക്കുന്ന ഒരു അപ്പാര്‍ട്ട്‌മെന്റിലാണ് കുടുംബം താമസിക്കുന്നത്.

അപ്പാര്‍ട്ട്‌മെന്റില്‍ മോഷണം നടത്താന്‍ ശ്രമിച്ച അക്രമി അടുത്തുള്ള ഒരു കെട്ടിടത്തിലൂടെ കോമ്പൗണ്ടിലേക്ക് പ്രവേശിച്ചു. ഒരു ടീ-ഷര്‍ട്ടും ജീന്‍സും ധരിച്ച് തോളില്‍ ഓറഞ്ച് സ്‌കാര്‍ഫും ധരിച്ചിരിക്കുന്നതായി കാണാം. കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരുടെയും സംവിധാനങ്ങളുടെയും കണ്ണു വെട്ടിച്ച് അക്രമി 11ാം നിലയിലാണ് കടന്നുകയറിയത്. മോഷണത്തിനാണ് യുവാവ് എത്തിയതെന്നും തടയാനുള്ള ശ്രമത്തിനിടെയാണ് നടനു കുത്തേറ്റതെന്നും പൊലീസ് അറിയിച്ചു.