
വെനീസ്: യുഎസ് വിനോദസഞ്ചാരിയുടെ പേഴ്സ് മോഷ്ടിക്കാൻ ശ്രമം. വെനീസിലെ സാന്താ മരിയ ഡെൽ ഗിഗ്ലിയോ പ്രദേശത്ത് എത്തിയ യുഎസ് വിനോദ സഞ്ചാരിയുടെ പേഴ്സ് മോഷ്‌ടിക്കാനാണ് ശ്രമം നടന്നത്. മോഷ്ടിക്കാൻ ശ്രമിച്ച കൗമാരക്കാരിയായ 14 വയസ്സുള്ള ഇറ്റാലിയൻ പെൺകുട്ടി പൊലീസ് പിടിയിലായി. പാസ്പോർട്ടും പണവും അടങ്ങിയ പേഴ്സാണ് പെൺകുട്ടി മോഷ്‌ടിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ട വിനോദസഞ്ചാരി പെൺകുട്ടിയെ മുടിയിൽ കുത്തിപ്പിടിച്ച് തടയുകയായിരുന്നു.
തന്നെ വിടണമെന്ന് ആവശ്യപ്പെട്ട് വിനോദസഞ്ചാരിയുടെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ പെൺകുട്ടി ശ്രമിച്ചെങ്കിലും വിനോദസഞ്ചാരി പിടിവിടാതെ ഇരുന്നു. എന്റെ പാസ്പോർട്ട് അടങ്ങിയ പേഴ്സ‌് മോഷ്‌ടിച്ചു. ഇതിൽ നിന്ന് രക്ഷപ്പെടാൻ നിനക്ക് സാധിക്കില്ല എന്ന് പെൺകുട്ടിയോട് വിനോദ സഞ്ചാരി പറയുകയും ചെയ്തു. തുടർന്ന് കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോൺ ഉപയോഗിച്ച് പല തവണ തലയ്ക്ക് പെൺകുട്ടി അടിച്ചിട്ടും വിനോദസഞ്ചാരി പെൺകുട്ടിയുടെ മുടിയിൽ നിന്ന് പിടിവിട്ടില്ല. പിന്നീട് ആളുകൾ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസിന് മോഷ്ടിക്കാൻ ശ്രമിച്ച പെൺകുട്ടിയെ യു എസ് വിനോദസഞ്ചാരി കൈമാറി.