ഗ്രീൻ കാർഡുകാരുടെ ശ്രദ്ധയ്ക്ക്… നിയമം കർശനമാണ്, ഇത് ശ്രദ്ധിക്കുക

മാത്യുക്കുട്ടി ഈശോ

ന്യൂയോർക്ക്: ട്രമ്പ് അഡ്മിനിസ്ട്രേഷൻറെ പുതിയ ഭരണ പരിഷ്‌കാരങ്ങൾ മൂലം 2025-ൽ വിദേശയാത്ര ചെയ്യുന്ന ഗ്രീൻകാർഡുകാർക്ക് എയർപോർട്ടിലെ ഇമിഗ്രേഷൻ ഓഫീസർമാരിൽ നിന്നും കൂടുതൽ ചോദ്യങ്ങൾ നേരിടേണ്ടി വന്നേക്കാം.

ഗ്രീൻകാർഡുകാർ വിദേശ യാത്ര ചെയ്യുമ്പോൾ അൽപ്പം കൂടുതൽ ജാഗ്രത പാലിക്കുകയും കൂടുതൽ യത്രാ രേഖകൾ കയ്യിൽ സൂക്ഷിക്കുകയും ചെയ്‌താൽ ഏതെങ്കിലും അമേരിക്കൻ അന്താരാഷ്ട്ര എയർപോർട്ടിൽ തിരികെ വന്നിറങ്ങുമ്പോൾ അധികം ബുദ്ധിമുട്ടുകൾ നേരിടാതെ രക്ഷപെടാം.

ഗ്രീൻകാർഡ് ഉള്ളവർ വിദേശരാജ്യങ്ങളിൽ പോയാൽ ആറ് മാസത്തിനകം ( 180 ദിവസം)തിരികെ വരണമെന്നാണ് നിബന്ധന. എന്നാൽ പുതിയ പരിഷ്ക്കാരങ്ങൾ മൂലം തിരികെ വരുന്നവർ രണ്ടോ മൂന്നോ മാസത്തിനകം തിരികെ വന്നാലും ധാരാളം ചോദ്യങ്ങൾ ചോദിച്ച് ഇമ്മിഗ്രേഷൻ ഉദ്യോഗസ്ഥർ അവരെ ബുദ്ധിമുട്ടിക്കുക പതിവായിരിക്കുന്നു.

ബിസ്സിനെസ്സ് ആവശ്യങ്ങൾക്കോ മറ്റേതെകിലും ആവശ്യങ്ങൾക്കോ അടിക്കടി വിദേശരാജ്യങ്ങളിൽ പോകുന്ന ഗ്രീൻകാർഡ്‌കാരോടും നിരവധി ചോദ്യങ്ങൾ ചോദിക്കുന്നു. അമേരിക്കയിൽ സ്ഥിരം താമസിക്കുന്നതിനാണ് ഗ്രീൻ കാർഡ് നിങ്ങൾക്ക് നൽകിയിരിക്കുന്നത്. എന്നാൽ നിങ്ങൾ അധിക സമയവും രാജ്യത്തിന് വെളിയിലാണെങ്കിൽ പിന്നെ എന്തിന് ഗ്രീൻ കാർഡ് എന്നാണ് പ്രസക്തമായ ചോദ്യം.

നിങ്ങൾക്ക് അമേരിക്കയോട് എന്ത് ബന്ധമാണുള്ളത് അല്ലെങ്കിൽ എന്ത് പ്രതിബദ്ധതയാണ് ഉള്ളത്? നിങ്ങൾ എവിടെയൊക്കെ പോയി? ഏതു രാജ്യങ്ങളൊക്കെ സന്ദർശിച്ചു? എന്തിന് അവിടെ പോയി? എത്ര നാളായി വിദേശത്തേക്ക് പോയിട്ട്? നിങ്ങൾ ഇവിടെയാണോ അതോ വിദേശത്താണോ താമസം? ഇവിടെ നിങ്ങൾ ജോലി ചെയ്യുന്നില്ലേ? സർക്കാരിലേക്ക് ടാക്സ് അടക്കുന്നില്ലേ? തുടങ്ങി നിരവധി അനവധി കുഴയ്ക്കുന്ന ചോദ്യങ്ങളാൽ ഇമ്മിഗ്രേഷൻ ഓഫീസർമാർ നിങ്ങളെ ഒരു കുറ്റവാളിയെപ്പോലെ ചോദ്യം ചെയ്‌തെന്ന് വരാം. ചോദ്യങ്ങൾക്ക് തൃപ്തികരമായ ഉത്തരം അവർക്ക് ലഭിച്ചില്ലെങ്കിൽ ദീർഘനേരം നിങ്ങളെ അവരുടെ കസ്റ്റഡിയിൽ വയ്ക്കാനും സാദ്ധ്യതയുണ്ട്.

ഇത്തരം ചോദ്യത്തിന് മറുപടിയായി വിദേശ യാത്ര ചെയ്യുമ്പോൾ ചില രേഖകൾ കയ്യിൽ സൂക്ഷിക്കുക. നിങ്ങൾക്ക് അമേരിക്കയിൽ ജോലി ഉണ്ടെങ്കിൽ ജോലി സംബന്ധമായ ഏതെങ്കിലും രേഖ കാണിച്ചാൽ ഉപകാരപ്പെടും. അതുപോലെ നിങ്ങൾക്ക് അമേരിക്കയിൽ സ്വന്തമായി വീടുണ്ടെങ്കിൽ അതിന്റെ മോർട്ട്ഗേജ് രേഖയോ വാടകക്ക് താമസിക്കുകയാണെങ്കിൽ വാടകച്ചീട്ടിന്റെ (Lease Agreement) കോപ്പിയോ കയ്യിൽ കരുതുന്നത് നല്ലതാണ്. ഡ്രൈവിംഗ് ലൈസെൻസ് ഉണ്ടെങ്കിൽ ഇവിടെ സ്ഥിര താമസമാണ് എന്നതിനും ശരിയായ അഡ്രസ്സ് ഉണ്ടെന്നുള്ളതിനും തെളിവാണ്. അതും നിങ്ങൾക്ക് കാണിക്കാം. എന്നാൽ ഡ്രൈവിങ് ലൈസൻസ് കാലാവധി ഉള്ളതാണോ എന്ന് പ്രത്യേകം ശ്രദ്ധിക്കണം. ക്രെഡിറ്റ് കാർഡുകൾ മറ്റൊരു തെളിവാണ്.

നിങ്ങളുടെ താമസ സ്ഥലത്തെ ഗ്യാസിന്റെയോ, വൈദ്യുതിയുടെയോ, വെള്ളത്തിന്റെയോ ഉപയോഗ ബില്ല് നിങ്ങളുടെ പേരിൽ ഉണ്ടെങ്കിൽ അതിൻറെ ഒരു കോപ്പി കയ്യിലുള്ളതും അത്തരം ചോദ്യങ്ങൾക്ക് തെളിവായി നൽകുവാൻ പ്രയോജനം ചെയ്യും. ബാങ്ക് അക്കൗണ്ടിൻറെ പാസ്സ്ബുക്കോ സ്റ്റെയ്‌റ്റ്‌മെന്റോ കൊടുത്താൽ നിങ്ങൾക്ക് ഇവിടെ ബാങ്കിൽ അക്കൗണ്ട് ഉണ്ട് എന്ന് തെളിവ് നൽകാം.

നിങ്ങൾ നടപ്പു വർഷത്തെ ടാക്സ് റിട്ടേൺ ഫയൽ ചെയ്തിട്ടുണ്ടെങ്കിൽ അതിൻറെ ഒരു കോപ്പി കയ്യിലുണ്ടെങ്കിൽ അല്ലെങ്കിൽ ഫോണിലുണ്ടെങ്കിൽ അതും കാണിക്കാം. ഇതിന്റെ എല്ലാം കടലാസ് കോപ്പികൾ കൊണ്ട് നടക്കുന്നത് അസൗകര്യമാണെങ്കിൽ അവയുടെ ഫോട്ടോയോ കോപ്പിയോ മൊബൈൽ ഫോണിൽ സൂക്ഷിച്ചാലും തെളിവായി കാണിക്കാവുന്നതാണ്.

നിങ്ങളെപ്പറ്റിയുള്ള എല്ലാ യാത്രാ വിവരങ്ങളും വ്യക്തിപരമായ വിവരങ്ങളും നിങ്ങളുടെ പാസ്പോർട്ട് നമ്പർ കമ്പ്യൂട്ടറിൽ അടിക്കുമ്പോൾ അവർക്ക് ലഭിക്കും. ഒരു പക്ഷെ അതിൽ നോക്കി ശരിയായ വിവരങ്ങൾ മനസ്സിലാക്കിയിട്ടായിരിക്കാം ഉദ്യോഗസ്ഥർ നിങ്ങളോട് ചോദ്യങ്ങൾ ചോദിക്കുന്നത്. അതിനാൽ കളവു പറയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഏതെങ്കിലും ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നിശ്ചയം ഇല്ലെങ്കിൽ അറിയില്ലെന്നോ ഓർമ്മയില്ലെന്നോ പറയുന്നതാണ് നല്ലത്. നാട്ടിലോ മറ്റ് വിദേശ രാജ്യത്തോ പഠിക്കുന്ന കുട്ടികളോ അല്ലെങ്കിൽ ഏതെങ്കിലും പ്രത്യേക ആവശങ്ങളാൽ ഒന്നോ രണ്ടോ വർഷം അമേരിക്കയ്ക്ക് വെളിയിൽ താമസിക്കേണ്ടതോ ആയ ഗ്രീൻകാർഡുകാർ റീ-എൻട്രി പെർമിറ്റ് എടുത്ത് പോകാറുണ്ട്. സാധാരണ ഇത്തരം റീ-എൻട്രി പെർമിറ്റ് രണ്ടു വർഷത്തേക്കാണ് നൽകുന്നത്. അങ്ങനെയുള്ളവർ കാലാവധിക്കുള്ളിൽ തിരികെ വരുമ്പോൾ അവരെയും ചേദ്യം ചെയ്യാറുണ്ട്. അത്തരം പെർമിറ്റുകൾക്കുള്ള അപേക്ഷ കൊടുക്കുമ്പോഴുള്ള കാരണങ്ങൾ ഉദ്യോഗസ്ഥരുടെ കമ്പ്യൂട്ടറിൽ കാണും. അതിനാൽ അങ്ങനെയുള്ളവർ അതേ കാരണങ്ങൾ തന്നെ പറഞ്ഞില്ലെങ്കിൽ അവരെയും കൂടുതൽ ചോദ്യങ്ങൾക്ക് വിധേയമാക്കിയേക്കാം.

കാലാവധി കഴിഞ്ഞ ഡ്രൈവിങ്ങ് ലൈസെൻസ് ഉള്ള ഗ്രീൻകാർഡുകാർ യാത്ര ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ലൈസൻസ് രേഖകളിൽ നിങ്ങളെപ്പറ്റിയുള്ള എല്ലാ വ്യക്തി വിവരങ്ങളും ഉണ്ടായിരിക്കും. ലൈസൻസ് കാലാവധി കഴിഞ്ഞതാണെങ്കിലോ, നിങ്ങൾഎന്തെങ്കിലും കുറ്റകൃത്യങ്ങൾ ചെയ്‌തിട്ടുണ്ടെങ്കിലോ, നിങ്ങൾക്ക് ബാങ്ക് അക്കൗണ്ട് ഇല്ലെങ്കിലോ, നിങ്ങൾ അമേരിക്കയിൽ ജോലി ഒന്നും ചെയ്തിട്ടില്ലെങ്കിലോ, അതിന്റെയൊക്കെ ശരിയായ വിവരങ്ങൾ റെഡ് ഫ്‌ളാഗ് ആയി ഇമ്മിഗ്രെഷൻ ഉദ്യോഗസ്ഥരുടെ സിസ്റ്റത്തിൽ ലഭ്യമായിരിക്കും.

ഐ.ആർ.എസ്സുകാരും (IRS – US Income Tax Department) നിങ്ങളുടെ സോഷ്യൽ സെക്യൂരിറ്റി നമ്പറിലൂടെ ഇമ്മിഗ്രെഷൻ വകുപ്പുമായി ബന്ധിച്ചിട്ടുണ്ട്. നിങ്ങൾക്ക് നിങ്ങളെപ്പറ്റി അറിയാവുന്നതിലും അധികം വിവരങ്ങൾ ഇമ്മിഗ്രെഷൻറെ സിസ്റ്റത്തിൽ ഉദ്യോഗസ്ഥർക്ക് ലഭ്യമാണ്. അതിനാൽ അവർ ചോദ്യം ചെയ്‌താൽ കഴിവതും അറിയാവുന്ന സത്യങ്ങൾ മാത്രം പറയുക. അറിയില്ലെങ്കിൽ അത് അറിയില്ല എന്ന് തന്നെ പറയുന്നതാകും ഉചിതം.

. സ്വകാര്യത നിങ്ങളുടെ അവകാശമാണെങ്കിലും, ഇന്നത്തെ ഇലക്ട്രോണിക്സ് യുഗത്തിൽ നിങ്ങൾക്ക് ഒരു സ്വകാര്യതയും ഇല്ലെന്നും നിങ്ങൾ എപ്പോഴും ആരുടെയെങ്കിലും സൂക്ഷ്മമായ നിരീക്ഷണത്തിൽ ആണെന്നും മനസ്സിലാക്കിയിരിക്കുന്നത് നല്ലതാണ്. നിങ്ങൾ ഉപഗോഗിക്കുന്ന മൊബൈൽ ഫോണുകളും, സോഷ്യൽ മീഡിയ അക്കൗണ്ടുകളും, അതിലൂടെ അയക്കുന്ന സന്ദേശങ്ങളും എല്ലാം നിങ്ങളെ അനായാസം പിന്തുടരുന്നതിനും നിങ്ങളുടെ നീക്കങ്ങൾ മനസ്സിലാക്കുന്നതിനും ഇന്നത്തെ ടെക്നോളോജിയിലൂടെ സാധിക്കും എന്നും മനസ്സിലാക്കുന്നത് നല്ലതാണ്.

അമേരിക്കൻ കുടിയേറ്റ പൗരത്വ നിയമ പ്രകാരം ഒരു വിദേശ പൗരന് അമേരിക്കയിൽ സ്ഥിര താമസത്തിന് അനുയോജ്യമായ ഗ്രീൻ കാർഡ് നൽകാറുണ്ട്. മറ്റു രാജ്യങ്ങളിൽ ഇതിന് പി.ആർ. (PR) അല്ലെങ്കിൽ പെർമനെന്റ് റെസിഡൻസി (Permanent Residency) എന്നാണ് പറയാറ്.

ഇത്തരം ഗ്രീൻ കാർഡ് ഉള്ളപ്പോൾ ഒരു വിദേശ പൗരന് അമേരിക്കയിൽ സ്ഥിരമായി താമസിക്കുവാനോ, ബിസ്സിനെസ്സ് ചെയ്യുവാനോ, അമേരിക്കയിലെ ഏതെങ്കിലും സംസ്‌ഥാനത്ത് ജോലി ചെയ്ത് ജീവിക്കുവാനോ, ഒരു വീട് വാങ്ങുവാനോ തടസ്സമില്ല. അതോടൊപ്പം ആ വ്യക്തിക്ക് അവരുടെ സ്വന്തം മാതൃ രാജ്യത്തെ പൗരത്വം നിലനിർത്തുവാൻ സാധിക്കുകയും ചെയ്യും. എന്നാൽ ഗ്രീൻകാർഡ് ഉടമകൾക്ക് അമേരിക്കയിൽ വോട്ടവകാശം ഇല്ല എന്ന മുഖ്യ തടസ്സമേ നിലവിലുള്ളു.

Attention Green card holders

More Stories from this section

family-dental
witywide