
മെൽബൺ: യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിന്നുള്ള ബീഫ് ഇറക്കുമതിക്ക് ഏർപ്പെടുത്തിയിരുന്ന കടുത്ത നിയന്ത്രണങ്ങൾ പിൻവലിക്കുമെന്ന് ഓസ്‌ട്രേലിയ പ്രഖ്യാപിച്ചു. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വിമർശിച്ച നടപടികളാണ് ഇതോടെ നീക്കം ചെയ്യുന്നത്. ഓസ്‌ട്രേലിയ തുറന്നതും നീതിയുക്തവുമായ വ്യാപാരത്തിന് നിലകൊള്ളുന്നു. ഇത് ഞങ്ങളുടെ കന്നുകാലി വ്യവസായത്തിന് ഗണ്യമായ പ്രയോജനം നൽകിയിട്ടുണ്ടെന്ന് കൃഷിമന്ത്രി ജൂലി കോളിൻസ് പ്രസ്താവനയിൽ പറഞ്ഞു. ശാസ്ത്രീയമായ അപകടസാധ്യതകളെ അടിസ്ഥാനമാക്കിയുള്ള വിലയിരുത്തലിന് ശേഷം യുഎസ് ഭാഗത്ത് രോഗസാധ്യതകൾ കൈകാര്യം ചെയ്യപ്പെടുന്നുണ്ടെന്ന് കണ്ടെത്തിയതിനാലാണ് സർക്കാർ നിയന്ത്രണങ്ങൾ നീക്കം ചെയ്യുന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
ലോകത്തിലെ ഏറ്റവും കർശനമായ ജൈവസുരക്ഷാ നടപടികളുള്ള രാജ്യങ്ങളിലൊന്നായ ഓസ്‌ട്രേലിയ, കാനഡയിലും മെക്സിക്കോയിലും വളർത്തി യുഎസിൽ അറവ് നടത്തിയ കന്നുകാലികളുടെ ഇറച്ചിക്ക് ഇതുവരെ അനുമതി നൽകിയിരുന്നില്ല. “മാഡ് കൗ രോഗം” പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് 2003-ൽ യുഎസ്. ബീഫ് ഇറക്കുമതിക്ക് പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിരുന്നു. പിന്നീട് 2019-ൽ യുഎസിൽ വളർത്തുകയും അറവ് നടത്തുകയും ചെയ്ത കന്നുകാലികളുടെ ഇറച്ചിക്ക് ഓസ്‌ട്രേലിയ നിരോധനം നീക്കിയിരുന്നു.
എന്നാൽ, വടക്കേ അമേരിക്കൻ രാജ്യങ്ങളിലെ വിതരണ ശൃംഖലയുടെ സംയോജനവും ഉൽപ്പന്നങ്ങൾ കൃത്യമായി കണ്ടെത്താൻ കഴിയാത്തതും കാരണം മെക്സിക്കോയിലും കാനഡയിലും വളർത്തിയ കന്നുകാലികളുടെ ഇറച്ചിക്ക് നിരോധനം തുടർന്നു. ഏപ്രിലിൽ ട്രംപ് ഓസ്‌ട്രേലിയയിൽ നിന്നുള്ള ഇറക്കുമതിക്ക് 10 ശതമാനം തീരുവ ഏർപ്പെടുത്തിയപ്പോൾ, യുഎസ് ബീഫിന് ഓസ്‌ട്രേലിയ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളെ വിമർശിച്ചിരുന്നു.
തീരുമാനം ശാസ്ത്രീയ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണെന്ന് ഓസ്‌ട്രേലിയൻ സർക്കാർ വ്യക്തമാക്കുന്നുണ്ടെങ്കിലും, ഇത് ട്രംപിനെ പ്രീതിപ്പെടുത്താനുള്ള നീക്കമാണെന്ന് ചില രാഷ്ട്രീയ നിരീക്ഷകരും ഓസ്‌ട്രേലിയയിലെ പ്രതിപക്ഷവും ആരോപിക്കുന്നുണ്ട്. തങ്ങളുടെ ബീഫിന്‍റെ ഏകദേശം 70 ശതമാനവും കയറ്റുമതി ചെയ്യുന്ന ഓസ്‌ട്രേലിയ, യുഎസിലേക്കുള്ള റെഡ് മീറ്റിന്‍റെ പ്രധാന വിതരണക്കാരിൽ ഒന്നാണ്. എന്നാൽ, ഓസ്‌ട്രേലിയ യുഎസ് ബീഫ് വളരെ കുറച്ച് മാത്രമാണ് ഇറക്കുമതി ചെയ്യുന്നത്.















