ട്രംപിന്‍റെ താരിഫ് ഭീഷണി, നേരിടാൻ ഒന്നിച്ച് ഒരുമനസോടെ ഓസ്ട്രേലിയൻ ഭരണകൂടവും പ്രതിപക്ഷ പാർട്ടിയും; ‘ഒരു വിട്ടുവീഴ്ചയ്ക്കുമില്ല’

മെല്‍ബണ്‍: രാജ്യത്ത് ഒരു പ്രശ്നം വന്നപ്പോൾ ഒന്നിച്ച് നിൽക്കാൻ തീരുമാനിച്ച് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസും പ്രതിപക്ഷ ലിബറൽ പാർട്ടി നേതാവ് പീറ്റർ ഡുട്ടനും. ഓസ്ട്രേലിയൻ ബീഫിന് തിരിച്ചടിയാകാൻ സാധ്യതയുള്ള യുഎസ് താരിഫില്‍ രാജ്യത്തിന്റെ ദേശീയ താൽപര്യങ്ങളിൽ വിട്ടുവീഴ്ചയ്ക്ക് തയാറല്ലെന്ന് ഇരുവരും വ്യക്തമാക്കി. യുഎസുമായി വ്യാപാര കരാറുള്ള രാജ്യമാണ് ഓസ്ട്രേലിയ. യുഎസിലേക്കുള്ള കയറ്റുമതിയിൽ ഡ്യൂട്ടി ഫ്രീ പ്രവേശനം അനുവദിക്കുന്ന സൗജന്യ വ്യാപാര കരാറും ഇരു രാജ്യങ്ങളും തമ്മിലുണ്ട്.

യുഎസ് ഏര്‍പ്പെടുത്തുന്ന താരിഫിൽ എതിര്‍പ്പുണ്ടെങ്കിലും പകരത്തിന് പകരമായി ട്രംപ് ഭരണകൂടത്തിനെതിരെ തീരുവ ചുമത്താൻ തയാറല്ലെന്നും ആൽബനീസ് വ്യക്തമാക്കി. എന്നാല്‍, ഓസ്ട്രേലിയയുടെ താൽപര്യങ്ങൾ സംരക്ഷിക്കുമെന്നും ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്ന ഓസ്ട്രേലിയൻ നിയന്ത്രണങ്ങളുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും ആൽബനീസ് വ്യക്തമാക്കി. ഓസ്ട്രേലിയയ്ക്ക് മേൽ യുഎസ് ലക്ഷ്യമിടുന്ന പ്രത്യേകിച്ചും ഫാർമസ്യൂട്ടിക്കൽ ബനഫിറ്റ് സ്കീം, ജൈവ സുരക്ഷ, മീഡിയ ബാർഗെയ്നിങ് കോഡ് എന്നീ 3 നിർണായക മേഖലകളിൽ ഒരു തരത്തിലുമുള്ള വിട്ടുവീഴ്ചക്കില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ഇറച്ചി ഉൽപന്നങ്ങൾക്ക് ഗുരുതരമായ കേടുപാടുകൾ സംഭവിക്കുമെന്നതിനാൽ അവയുടെ മേൽ ചുമത്തിയിരിക്കുന്ന കർശന ജൈവ സുരക്ഷാ നിയന്ത്രണങ്ങളിൽ മാറ്റം വരുത്താൻ തയാറല്ലെന്നും ആൽബനീസ് പറഞ്ഞു. 2003 ൽ യുഎസിലെ കന്നുകാലികളിൽ ബൊവിനോ സ്പോഞ്ചിഫോം എൻസിഫാലോപതി കണ്ടെത്തിയതു മുതൽ യുഎസിന്റെ ഫ്രഷ് ബീഫ് ഉൽപന്നങ്ങൾക്ക് ഓസ്ട്രേലിയ നിരോധനം ഏർപ്പെടുത്തിയതും പട്ടികയിലുണ്ട്. ഓസ്ട്രേലിയൻ ജനതയ്ക്കൊപ്പം നിലകൊള്ളുകയാണ് തന്റെ ചുമതലയെന്നാണ് പ്രതിപക്ഷ നേതാവ് പീറ്റർ ഡുട്ടൻ പ്രതികരിച്ചത്. ദേശീയ താൽപര്യത്തിന് വേണ്ടി ഡോണൾഡ് ട്രംപ് ഉൾപ്പെടെയുള്ള ലോക നേതാക്കളോട് യുദ്ധം ചെയ്യേണ്ടി വന്നാൽ അതിനും മടിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

More Stories from this section

family-dental
witywide