
വാഷിംഗ്ടൺ: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ മുഖം എല്ലാ ദിവസവും പത്രങ്ങളില്‍ കാണുന്നത് മടുത്തെന്ന് വിഖ്യാത സംവിധായകൻ ജെയിംസ് കാമറൂണ്‍. ഒരു കാര്‍ ഇടിച്ച് കയറുന്നത് വീണ്ടും വീണ്ടും കാണുന്നത് പോലെയാണ് ട്രംപിന്‍റെ ഫോട്ടോ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ട്രംപ് ഭരിക്കുന്ന അമേരിക്കയില്‍ നിന്ന് ന്യൂസിലന്‍ഡിലേക്ക് സ്ഥിരമായി താമസം മാറ്റാൻ ഉദ്ദേശിക്കുകയാണെന്നും ജെയിംസ് കാമറൂണ്‍ കൂട്ടിച്ചേര്‍ത്തു.
ട്രംപ് യുഎസ് പ്രസിന്റായതോടെ യുഎസ് ഏത് രീതിയില്‍ മാറുന്നു എന്ന് പോഡ്കാസ്റ്റിലൂടെ അദ്ദേഹം വിശദീകരിച്ചു. രാജ്യം മാറിക്കൊണ്ടിരിക്കുകയാണ്. ‘മാന്യമായ എല്ലാ കാര്യത്തില്‍ നിന്നെല്ലാമുള്ള ഒരു പിന്നോട്ട് പോക്ക് കാണാനുണ്ട്. ചരിത്രപരമായി അമേരിക്ക എന്തിന് വേണ്ടി നിലകൊണ്ടോ അതില്‍ നിന്നെല്ലാം പിന്നോട്ട് പോവുകയാണ്. ഇതൊരു പൊള്ളയായ ആശയമാണെന്നും ജെയിംസ് കാമറൂണ്‍ പറഞ്ഞു.
താന്‍ ന്യൂസിലന്‍ഡ് പൗരത്വം ഉടന്‍ എടുത്തേക്കുമെന്നും അമേരിക്ക വിടാന്‍ പദ്ധതിയിടുകയാണെന്നും കാമറൂണ്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി കാമറൂണ്‍ കൂടുതല്‍ സമയം ന്യൂസിലന്‍ഡിലാണ് ചെലവഴിക്കുന്നത്. ഇത്തരത്തില്‍ ഒരു പൂര്‍ണ്ണമായ മാറ്റം ആഗ്രഹിക്കുന്നെങ്കില്‍ ആ നാട്ടില്‍ നാം നിക്ഷേപം നടത്തണം. അവിടെ ബഹുമാനവും തുല്യതയും ലഭിക്കുമെന്നും ഉറപ്പ് വരുത്തണമെന്നും കാമറൂണ്‍ കൂട്ടിച്ചേർത്തു.