
വാഷിംഗ്ടണ്‍ : മൂന്നു പതിറ്റാണ്ടിലേറെയായി ശത്രുക്കളായിരുന്ന അസര്‍ബൈജാനും അര്‍മേനിയയും യുഎസ് മധ്യസ്ഥതയില്‍ സമാധാന കരാറില്‍ ഒപ്പുവെച്ചു. വെള്ളിയാഴ്ച, യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയിലാണ് ഇരു രാജ്യങ്ങളും സമാധാന കരാറില്‍ ഒപ്പുവെച്ചത്. പതിറ്റാണ്ടുകളായി നീണ്ടുനിന്ന സംഘര്‍ഷത്തിനുശേഷം ഉഭയകക്ഷി സാമ്പത്തിക ബന്ധം മെച്ചപ്പെടുത്തുകയും ബന്ധങ്ങള്‍ പൂര്‍ണ്ണമായും സാധാരണ നിലയിലാക്കുകയും ചെയ്യാന്‍ ഉദ്ദേശിച്ചുള്ള കരാറാണിത്.
‘വളരെക്കാലമായി – 35 വര്‍ഷമായി – അവര്‍ പോരാടി, ഇപ്പോള്‍ അവര്‍ സുഹൃത്തുക്കളാണ്, അവര്‍ വളരെക്കാലം സുഹൃത്തുക്കളായിരിക്കും,’ വൈറ്റ് ഹൗസില്‍ നടന്ന ഒപ്പുവെക്കല്‍ ചടങ്ങില്‍ ട്രംപ് പറഞ്ഞു. അസര്‍ബൈജാനി പ്രസിഡന്റ് ഇല്‍ഹാം അലിയേവും അര്‍മേനിയന്‍ പ്രധാനമന്ത്രി നിക്കോള്‍ പാഷിനിയാനും ഒപ്പമുണ്ടായിരുന്നു.
ട്രംപിന്റെ സമാധാന ശ്രമങ്ങള്‍ക്ക് നൊബേല്‍ നല്‍കണമെന്ന് വൈറ്റ് ഹൗസും പാക്കിസ്ഥാനും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും അടക്കം ആവശ്യം ഉന്നയിച്ച സാഹചര്യത്തില്‍ കരാര്‍ നിലവില്‍ വരുന്നത് ട്രംപ് ഭരണകൂടത്തിന് ഒരു സുപ്രധാന നേട്ടമായിരിക്കും. ട്രംപിന്റെ മധ്യസ്ഥത അദ്ദേഹത്തിന് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടിക്കൊടുക്കുമെന്ന് അര്‍മേനിയന്‍ പ്രധാനമന്ത്രി നിക്കോള്‍ പഷിന്യനും അസര്‍ബൈജാന്‍ പ്രസിഡന്റ് ഇല്‍ഹാം അലിയേവും പറഞ്ഞു. പ്രസിഡന്റ് ട്രംപിനല്ലാതെ മറ്റാര്‍ക്കാണ് നൊബേല്‍ സമാധാന പുരസ്‌കാരത്തിന് അര്‍ഹതയെന്നും അലിയേവ് ചോദിച്ചു. സമാധാന ദൂതനായ ട്രംപ് ഇല്ലാതെ ഈ മുന്നേറ്റം സാധ്യമാകുമായിരുന്നില്ലെന്നും യുഎസ് പ്രസിഡന്റ് നൊബേലിന് അര്‍ഹനാണെന്നും പഷിന്യനും കൂട്ടിച്ചേര്‍ത്തു. 1980 കളുടെ അവസാനം മുതല്‍ അര്‍മേനിയയും അസര്‍ബൈജാനും തമ്മില്‍ തര്‍ക്കത്തിലായിരുന്നു.