
വാഷിംഗ്ടൺ: ഇറാന്‍റെ ആണവകേന്ദ്രങ്ങളിൽ നാശമുണ്ടാക്കിയ ബി-2 സ്പിരിറ്റ് സ്റ്റെൽത്ത് ബോംബറുകളെ ചൊല്ലിയുള്ള വിവാദം കനക്കുന്നു. ഇറാനെ തെറ്റിദ്ധരിപ്പിക്കാനായി എതിർ ദിശയിലേക്കു പറന്ന ബോംബറുകളിൽ ചിലത് യുഎസ് വ്യോമതാവളത്തിൽ തിരിച്ചെത്തിയില്ലെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ഇതോടെ ബി 2 ബോംബറുകൾക്ക് എന്തുപറ്റിയെന്നുള്ള അന്വേഷണത്തിലാണ് യുദ്ധനിരീക്ഷകർ.
ജൂൺ 21ന് മിസ്സോറിയിലെ വൈറ്റ്മാൻ എയർഫോഴ്‌സ് ബേസിൽനിന്ന് യുഎസ് ബി-2 ബോംബറുകളുടെ രണ്ട് സംഘങ്ങളെയാണ് വിന്യസിച്ചത്. ഒരു വിഭാഗം പടിഞ്ഞാറ് പസഫിക്കിന് മുകളിലൂടെ പറന്നു. ഇറാനിയൻ പ്രതിരോധത്തെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു ലക്ഷ്യം. രണ്ടാമത്തെ വിഭാഗം ബി-2ബോംബറുകൾ ടെഹ്‌റാനിലെ ഫോർദോ അടക്കമുള്ള ഭൂഗർഭ ആണവകേന്ദ്രങ്ങളെ ആക്രമിക്കാൻ കിഴക്കോട്ട് പോയി.
ഈ സംഘം ദൗത്യം പൂർത്തിയാക്കി 37 മണിക്കൂർ നിർത്താതെ പറന്നശേഷം താവളത്തിൽ തിരിച്ചെത്തി. എന്നാൽ പസഫിക്കിലേക്ക് പറന്ന സംഘത്തെക്കുറിച്ച് അധികം വിവരങ്ങൾ ലഭ്യമല്ല. ആ സംഘത്തിലെ ഒരു വിമാനമെങ്കിലും ഹവായിയിൽ അടിയന്തരമായി ഇറങ്ങാൻ നിർബന്ധിതമായി എന്നാണ് ഇപ്പോൾ പുറത്തുവരുന്നത്. ഈ സ്റ്റെൽത്ത് ബോംബർ ഹൊനോലുലുവിലെ ഹിക്കം എയർഫോഴ്‌സ് ബേസുമായി റൺവേ പങ്കിടുന്ന ഡാനിയൽ കെ. ഇനോയെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയതായാണ് റിപ്പോർട്ട്. ഇതുസംബന്ധിച്ച ഒരു വീഡിയോ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. ഇതാണ് ദുരൂഹതയുണര്‍ത്താനുള്ള കാരണം. എന്നാല്‍, കൃത്യമായി വിവരങ്ങൾ ഒന്നും തന്നെ ലഭ്യമല്ല.