
2024 മാർച്ചിൽ ബാൾട്ടിമോറിലെ ഫ്രാൻസിസ് സ്കോട്ട് കീ പാലത്തിൽ ഇടിച്ച് അപകടത്തിൽപ്പെട്ട ഡാലി കപ്പലിലെ ഇലക്ട്രിക് – മെഷിനറി സംവിധാനത്തിലെ തകരാറുകളാണ് അപകടത്തിലേക്ക് നയിച്ചതെന്ന് യുഎസ് ദേശീയ ഗതാഗത സുരക്ഷാ ബോർഡ് (NTSB) റിപ്പോർട്ട്. ഉത്തരവാദിത്വപ്പെട്ട നാവികരുടെ അനാസ്ഥയാണ് ഇതിനു കാരണമെന്നും റിപ്പോർട്ട് പറയുന്നു.
എൻടിഎസ്‌ബിയുടെ റിപ്പോർട്ട് ഇങ്ങനെയാണ്; നാളുകളായി ലൂസായി കിടക്കുകയായിരുന്ന ഒരു വയർ, ബ്രേക്കറിൽ നിന്ന് വിച്ഛേദിക്കപ്പെട്ടു, ഇതു മൂലം പ്രൊപ്പൽഷനും സ്റ്റിയറിംഗും ഓഫായി. അൺസ്റ്റേബിളായ ഒരു കണക്ഷൻ കാരണമാണ് ഇതു സംഭവിച്ചത്. എന്നാൽ കൃത്യമായി പരിശോധന നടത്തിയിരുന്നു എങ്കിൽ ലൂസായി കിടന്നിരുന്ന വയർ തിരിച്ചറിയാൻ കഴിയുമായിരുന്നുവെന്ന് എൻടിഎസ്‌ബി പറഞ്ഞു, എന്നാൽ കപ്പലിന്റെ ഓപ്പറേറ്ററായ സിനർജി മറൈൻ ഗ്രൂപ്പ് നടത്തിയ പരിശോധനകൾ ഇത് കണ്ടെത്തിയില്ല.
അപകടം നടന്ന ദിവസം രണ്ടു തവണ കപ്പലിലെ വൈദ്യുതി തടസ്സപ്പെട്ടിരുന്നു. ആദ്യം തടസ്സം നേരിട്ടതിനെ തുടർന്ന് പരിശോധന നടത്തുകയും താൽകാലികമായി പ്രശ്നം പരിഹരിക്കുകയും ചെയ്തതിനു ശേഷമാണ് കപ്പൽ യാത്ര തുടങ്ങിയത്. കപ്പലിലെ വൈദ്യുതി പുനഃസ്ഥാപിക്കുന്നതിനും പ്രൊപ്പൽഷൻ നഷ്ടപ്പെടുന്നത് തടയുന്നതിനും ആവശ്യമായ ബാക്കപ്പ് സിസ്റ്റം ഉണ്ടായിരുന്നു എങ്കിലും അതിൻ്റെ ഒന്നിലധികം ഭാഗങ്ങൾ ശരിയായി ക്രമീകരിച്ചിരുന്നില്ല എന്നും എൻടിഎസ്‌ബി കണ്ടെത്തി. അപകടത്തിന് തലേദിവസം ഡോക്ക് ചെയ്തപ്പോഴും കപ്പലിൽ രണ്ട് ബ്ലാക്കൗട്ടുകൾ ഉണ്ടായി. എന്നിട്ടും വേണ്ടത്ര പരിശോധനയോ മുൻകരുതലോ സ്വീകരിച്ചില്ല
രണ്ട് ജനറേറ്ററുകളിലേക്ക് ഇന്ധനം വിതരണം ചെയ്യാൻ ഫ്ലഷിംഗ് പമ്പ് ഉപയോഗിച്ചിരുന്നെങ്കിലും ഫ്യുവൽ പ്രഷർ കുറവായതിനാൽ അത് വർക് ചെയ്തില്ല. അതിനാൽ ഓട്ടമാറ്റക്കായി ജനറേറ്റർ പ്രവർത്തിച്ചില്ല. ഇതെല്ലാം കൃത്യമായി പരിശോധിച്ചു മനസ്സിലാക്കേണ്ടിയിരുന്ന ക്രൂ ഒന്നും ചെയ്തില്ല. അവർ കൃത്യമായി അവരുടെചുമതലകൾ നിർവഹിച്ചില്ല . കപ്പലിലുണ്ടായ 21 ക്രൂ അംഗങ്ങളിൽ 20 പേരും ഇന്ത്യക്കാരായിരുന്നു. ഓരാൾ ശ്രീലങ്കക്കാരനും.
ഡാലി കപ്പൽ കൂടുതൽ അറ്റകുറ്റപ്പണിക്കായി വെർജീനിയയിലെ നോർഫോക്കിലെ കപ്പൽശാലയിലായിരുന്നു. അപകടത്തിന് കാരണക്കാർ ശിക്ഷിക്കപ്പെടുക തന്നെ വേണമെന്ന നിലപാടിലാണ് മേയറും ബ്രിഡ്ജ് ഇൻസ്പെകടറുമെല്ലാം. ബ്രിഡ്ജ് ഇൻസ്പെക്ടർ മേരിലാൻ്റ് ജില്ലാ കോടതിയിൽ ഇതുമായി ബന്ധപ്പെട്ട് ഒരു കേസ് വേറെ നൽകിയിട്ടുണ്ട്.
മാർച്ച് 26നായിരുന്നു കപ്പലിടിച്ച് ബാൾട്ടിമോർ പാലം തകർന്ന അപകടം. സിംഗപ്പൂർ ആസ്ഥാനമായുള്ള ഗ്രേസ് ഓഷൻ കമ്പനിയുടെ കപ്പലാണ് ഡാലി. എന്നാൽ കപ്പലിൻ്റെ നടത്തിപ്പ് മലയാളിയുടെ ഉടമസ്ഥതയിലുള്ള സിനർജി മറൈൻ ഗ്രൂപ്പിനായിരുന്നു. കപ്പൽ ബാൾട്ടിമോർ തുറമുഖത്തുനിന്ന് ശ്രീലങ്കയിലേക്ക് പോവുകയായിരുന്നു. യാത്ര തുടങ്ങിയ ഉടൻതന്നെ കപ്പലിലെ ഇലക്ട്രിക് സംവിധാനം തകരാറിലാവുകയും കപ്പലിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ട് ബാൾട്ടിമോർ പാലത്തിൽ ഇടിക്കുകയും ചെയ്തു. അപകടത്തിൽ, പാലത്തിൽ ജോലി ചെയ്തുകൊണ്ടിരുന്ന 6 ജോലിക്കാർ പട്ടാസ്കോ നദിയിൽ വീണ് കൊല്ലപ്പെട്ടു. ബാൾട്ടിമോർ തുറമുഖത്തേക്കുള്ള ചരക്കു നീക്കം നിലയ്ക്കുകയും ചെയ്തിരുന്നു. പിന്നീട് നിയന്ത്രിത സ്ഫോടനത്തിലൂടെ പാലത്തിന്റെ അവശിഷ്ടങ്ങൾ കപ്പലിൽ നിന്ന് പൊളിച്ചു മാറ്റി കപ്പൽ അപകട സ്ഥലത്തു നിന്ന് നീക്കുകയും കപ്പൽപാത സുഗമമാക്കുകയും ചെയ്തു. ഏതാണ്ട് രണ്ടു മാസത്തോളം എടുത്തു കപ്പൽ ഗതാഗതം പുനസ്ഥാപിക്കാൻ. തകർന്ന ബാൾട്ടിമോർ പാലം പണി നടന്നുകൊണ്ടിരിക്കുകയാണ്.
Baltimore ship crash due to an improperly installed wire which caused blackout











