ലോകം മുഴുവൻ ശ്രദ്ധിക്കുന്ന തെരഞ്ഞെടുപ്പ്, എന്നിട്ടും ന്യയോർക്കിൽ സൊഹ്റാൻ മംദാനിയെ പിന്തുണയ്ക്കാൻ വിസമ്മതിച്ച് ഒബാമ!

ന്യൂയോര്‍ക്ക്: ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനത്തേക്ക് മുൻനിരയിലുള്ള സ്ഥാനാർത്ഥി സൊഹ്റാൻ മംദാനിയെ പിന്തുണയ്ക്കാൻ മുൻ യുഎസ് പ്രസിഡന്‍റ് ബരാക് ഒബാമ വിസമ്മതിച്ചു. ശനിയാഴ്ച മംദാനിയുമായി ഫോണിൽ സംസാരിച്ചതിന് ശേഷമാണ് ഒബാമയുടെ ഈ നിലപാട്. തിരഞ്ഞെടുപ്പിൽ സോഹ്രാൻ മംദാനി, ആൻഡ്രൂ കൂമോ, കർട്ടിസ് സ്ലിവ എന്നിവരാണ് മേയർ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ‘ദി ന്യൂയോർക്ക് പോസ്റ്റ്’ റിപ്പോർട്ട് അനുസരിച്ച്, ഒബാമയുടെ വൈറ്റ് ഹൗസ് പൊളിറ്റിക്കൽ ഡയറക്ടറായും ദക്ഷിണാഫ്രിക്കയിലെ യുഎസ് അംബാസഡറായും മുമ്പ് സേവനമനുഷ്ഠിച്ചിട്ടുള്ള മംദാനിയുടെ പ്രചാരണ ഉപദേഷ്ടാവ് പാട്രിക് ഗാസ്പാർഡ്, മുൻ പ്രസിഡന്‍റിന്‍റെ മൗനത്തെ നിസ്സാരവൽക്കരിക്കാൻ ശ്രമിച്ചു.

പ്രാദേശിക മത്സരങ്ങളിൽ ഒബാമ ആരെയും പിന്തുണയ്ക്കാറില്ല. അത് പ്രസിഡന്‍റ് പദവി ഒഴിഞ്ഞതിന് ശേഷമുള്ള അദ്ദേഹത്തിന്‍റെ ദീർഘകാല നയമാണെന്ന് ഗാസ്പാർഡ് ‘ന്യൂയോർക്ക് പോസ്റ്റിനോട്’ പറഞ്ഞു. ഫെഡറൽ ഓഫീസിലേക്കും ഗവർണർ സ്ഥാനത്തേക്കുമുള്ള പൊതുതിരഞ്ഞെടുപ്പുകളിലാണ് അദ്ദേഹം പിന്തുണ നൽകുന്നത്. എന്നാല്‍, ‘പ്രാദേശിക പിന്തുണ നൽകാത്ത’ നയമുണ്ടായിട്ടും, ഒബാമ മുമ്പ് നിരവധി മേയർ സ്ഥാനാർത്ഥികളെ പിന്തുണച്ചിട്ടുണ്ട്.

2013-ലെ ന്യൂയോർക്ക് സിറ്റി മത്സരത്തിൽ ബിൽ ഡി ബ്ലാസിയോയെയും, ലോസ് ഏഞ്ചൽസിൽ കാരൺ ബാസിനെയും എറിക് ഗാർസെറ്റിയെയും, ചിക്കാഗോയിൽ റാം ഇമ്മാനുവലിനെയും പിന്തുണച്ചിരുന്നു. ഫ്ലോറിഡയിലെ സെൻ്റ് പീറ്റേഴ്‌സ്ബർഗ് മേയർ സ്ഥാനത്തേക്ക് റിക്ക് ക്രിസെമാനെയും കണക്റ്റിക്കട്ടിലെ സ്റ്റാംഫോർഡിൽ കരോലിൻ സിമ്മൺസിനെയും പിന്തുണച്ചുകൊണ്ട് ചെറിയ നഗരങ്ങളിലെ മത്സരങ്ങളിലും അദ്ദേഹം ഇടപെട്ടു.

ശനിയാഴ്ച ഒബാമ ന്യൂജേഴ്‌സി ഗവർണർ മിക്കി ഷെറിലിന് വേണ്ടി ന്യൂവാർക്കിൽ നടന്ന റാലിയിൽ ഹഡ്‌സൺ നദിയുടെ മറുകരയിൽ പ്രചാരണം നടത്തിയിരുന്നുവെങ്കിലും, ചൊവ്വാഴ്ചത്തെ തിരഞ്ഞെടുപ്പിന് മുന്നോടിയായി മംദാനിയെ പരസ്യമായി പിന്തുണയ്ക്കാൻ ന്യൂയോർക്ക് സിറ്റിയിലേക്ക് വന്നില്ല. ഒബാമയുടെ ഈ മൗനം പല കാര്യങ്ങൾ വിളിച്ചുപറയുന്നുണ്ടെന്ന് രാഷ്ട്രീയ തന്ത്രജ്ഞർ അഭിപ്രായപ്പെടുന്നു. ഡെമോക്രാറ്റിക് സ്ഥാപക പക്ഷത്തിനുള്ളിലെ അസ്വസ്ഥതയാണ് ഈ തീരുമാനം പ്രതിഫലിക്കുന്നതെന്ന് റിപ്പബ്ലിക്കൻ അനലിസ്റ്റ് റോബ് റയാൻ ‘ദി പോസ്റ്റിനോട്’ പറഞ്ഞു.

More Stories from this section

family-dental
witywide