
പോര്‍ട്ട്ലാന്‍ഡ്: വിപണിയിലെ എല്ലാ ബിയറും പരീക്ഷിച്ചുനോക്കിയിട്ടുണ്ടെന്ന് നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍ തെറ്റി ഇതാ വ്യത്യസ്തമായ ഒരു ബിയര്‍കൂടി എത്തുന്നു. കാലിഫോര്‍ണിയ ആസ്ഥാനമായുള്ള ഒരു കമ്പനിയുടെ ബിയറാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. അപ്രതീക്ഷിതമായ ഒരു ചേരുവയില്‍ നിന്നാണ് ഈ ബിയറിൻ്റെ ജനനം. മലിന ജലം ശുദ്ധീകരിച്ച് പുനരുപയോഗിച്ചാണ് ഈ ബിയര്‍ യാഥാർഥ്യമാക്കിയിരിക്കുന്നത്.
ഓണ്‍-സൈറ്റ് മാലിന്യ ശുദ്ധീകരണത്തില്‍ വൈദഗ്ദ്ധ്യം നേടിയ സ്ഥാപനമായ എപ്പിക് ക്ലീന്‍ടെക്, പുനരുപയോഗിച്ച മലിന വാട്ടര്‍ ഉപയോഗിച്ച് നിര്‍മ്മിച്ച രണ്ട് ഇനം ബിയറുകളാണ് പുറത്തിറക്കിയിരിക്കുന്നത്. സാന്‍ ഫ്രാന്‍സിസ്‌കോ ബിസിനസ് ടൈംസാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ”ഷവര്‍ അവര്‍ ഐപിഎ”യും, ”ലോണ്ട്രി ക്ലബ് കോള്‍ഷ്” ഉം ആണ് മലിനജലം പുനരുപയോഗിച്ച് തയ്യാറാക്കിയ ബിയറുകള്‍. ഇവ രണ്ടും റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങളില്‍ നിന്ന് എടുക്കുന്ന മലിന ജലം ഉപയോഗിച്ചാണ് തയ്യാറാക്കിയിരിക്കുന്നതെന്നും ”അമേരിക്കയിലെ മിക്ക നഗരങ്ങളിലും ലഭിക്കുന്ന ടാപ്പ് വെള്ളത്തേക്കാള്‍ മികച്ചതാണിതെന്നും കമ്പനി അവകാശപ്പെടുന്നു. ” അള്‍ട്രാ-ക്ലീന്‍ റീസൈക്കിള്‍ ചെയ്ത വെള്ളവും പ്രീമിയം ക്വാളിറ്റ് ചേരുവകളും ഉപയോഗിച്ച് വളരെ മികച്ച രീതിയിലാണ് ഇവ ഉണ്ടാക്കുന്നത്,” കമ്പനി അതിന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
ഒറിഗോണ്‍ ഉള്‍പ്പെടെ നിരവധി സംസ്ഥാനങ്ങളില്‍ ഇവ വിതരണം ചെയ്യാന്‍ തുടങ്ങുമെന്നും കമ്പനി പ്രഖ്യാപിച്ചു. സാന്‍ കാര്‍ലോസ് ആസ്ഥാനമായുള്ള ഡെവിള്‍സ് കാന്യോണ്‍ ബ്രൂയിംഗ് കമ്പനിയുമായുള്ള പങ്കാളിത്തത്തിലാണ് ബിയര്‍ തയ്യാറാക്കുന്നത്.
Beer made from water used for bathing and washing clothes!















