
വാഷിംഗ്ടൺ: ജെഫ്രി എപ്‌സ്റ്റൈൻ കേസുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും പുറത്തുവിടുമെന്ന ദീർഘകാല വാഗ്ദാനം പാലിക്കാൻ ഡോണൾഡ് ട്രംപ് തയാറാകണമെന്ന് യുഎസ് സെനറ്റർ ബെർണി സാൻഡേഴ്‌സ് ആവശ്യപ്പെട്ടു. ട്രംപ് അമേരിക്കൻ ജനങ്ങളോട് കള്ളം പറയുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തന്‍റെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ട്രംപ് എപ്‌സ്റ്റൈൻ രേഖകൾ പുറത്തുവിടുമെന്ന് വളരെ വ്യക്തമായി പറഞ്ഞിരുന്നു. മിസ്റ്റർ പ്രസിഡന്‍റ്, അത് ചെയ്യൂ എന്ന് സെനറ്റർ എക്‌സിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞു.
ജെഫ്രി എപ്‌സ്റ്റൈൻ അതിസമ്പന്നനായ ഒരു വ്യക്തിയായിരുന്നു. ബിൽ ക്ലിന്റൺ, പ്രിൻസ് ആൻഡ്രൂ, നിരവധി ശതകോടീശ്വരന്മാർ, ഡോണാൾഡ് ട്രംപ് എന്നിവരടക്കം നമ്മുടെ രാജ്യത്തെയും ലോകത്തെയും ഏറ്റവും സമ്പന്നരും ശക്തരുമായ ചിലരുമായി അയാൾക്ക് അടുത്ത ബന്ധമുണ്ടായിരുന്നു എന്നും സാൻഡേഴ്‌സ് കൂട്ടിച്ചേർത്തു. എപ്‌സ്റ്റൈൻ രേഖകളിൽ ട്രംപ് മറച്ചുവെക്കുന്നത് എന്താണെന്ന് അറിയില്ല, അമേരിക്കൻ ജനങ്ങളോട് കള്ളം പറയുന്നത് ഇതാദ്യമായല്ലെന്നും സാൻഡേഴ്‌സ് കൂട്ടിച്ചേര്‍ത്തു.













