
വാഷിംഗ്ടൺ: ഔദ്യോഗിക രേഖകളിൽ ഒപ്പിടാൻ മുൻ പ്രസിഡന്റ് ജോ ബൈഡൻ ഓട്ടോപെൻ ഉപയോഗിച്ചതിനെ വിമർശിച്ച് ഡോണൾഡ് ട്രംപ്. ഈ വിഷയത്തെ അമേരിക്കൻ രാഷ്ട്രീയത്തിലെ “ഏറ്റവും വലിയ അഴിമതികളിലൊന്ന്” എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിലാണ് ട്രംപ് ഈ പ്രസ്താവന നടത്തിയത്.
“റഷ്യ, റഷ്യ, റഷ്യ” വിവാദത്തേക്കാളും അല്ലെങ്കിൽ “അഴിമതി നിറഞ്ഞ 2020 ലെ തിരഞ്ഞെടുപ്പി”നേക്കാളും വലുതല്ലെങ്കിലും, ഈ വിഷയം വളരെ പ്രധാനപ്പെട്ടതാണെന്ന് ട്രംപ് പറഞ്ഞു. ഒപ്പിടുന്നയാൾ നേരിട്ട് സ്ഥലത്തില്ലാതിരിക്കുമ്പോൾ പോലും രേഖകളിൽ യാന്ത്രികമായി ഒപ്പിടാൻ സഹായിക്കുന്ന ഉപകരണമാണ് ഓട്ടോപെൻ.
ബൈഡൻ തൻ്റെ മാനസിക നില തകർന്നുവെന്ന് മറച്ചുവെക്കാൻ സഹായികളെക്കൊണ്ട് ഓട്ടോപെൻ ഉപയോഗിച്ചുവെന്ന് ട്രംപ് ആരോപിക്കുന്നു. എന്നാൽ, ഈ ആരോപണങ്ങൾ ബൈഡൻ നേരത്തെ തള്ളിക്കളഞ്ഞിരുന്നു. താൻ എല്ലാ തീരുമാനങ്ങളും വ്യക്തിപരമായി എടുത്തതാണെന്നും, എന്നാൽ ചില രേഖകളിൽ ഓട്ടോപെൻ ഉപയോഗിക്കാൻ സ്റ്റാഫിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കൂടാതെ, ബരാക് ഒബാമയും ട്രംപും ഉൾപ്പെടെ മുൻപ് പല പ്രസിഡൻ്റുമാരും ഓട്ടോപെൻ ഉപയോഗിച്ചിട്ടുണ്ടെന്നും ബൈഡൻ്റെ ടീം ചൂണ്ടിക്കാണിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട് ട്രംപ് ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഓട്ടോപെൻ ഉപയോഗിച്ച് ഒപ്പിട്ട ബൈഡൻ്റെ ചില ഉത്തരവുകൾ അസാധുവാക്കണമെന്ന് റിപ്പബ്ലിക്കൻ പാർട്ടി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഒരു പ്രസിഡൻ്റ് ഓട്ടോപെൻ ഉപയോഗിച്ച് ഒപ്പിടുന്നത് നിയമപരമാണെന്ന് യു.എസ്. ജസ്റ്റിസ് ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചിരുന്നു.















