
വാഷിംഗ്ടൺ: പ്രോസ്റ്റേറ്റ് കാൻസർ രോഗനിർണയം നടത്തിയതിനെക്കുറിച്ച് ആദ്യമായി പ്രതികരിച്ച് മുൻ യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ. രോഗ മുക്തി നേടാൻ സാധിക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. “ഇതിനെ തോൽപ്പിക്കാൻ ഞങ്ങൾക്ക് കഴിയുമെന്നാണ് പ്രതീക്ഷ,” രോഗം സ്ഥിരീകരിച്ച ശേഷം സിഎൻഎന്നിനോട് സംസാരിക്കവെ ബൈഡൻ പറഞ്ഞു. ചികിത്സയുടെ നിലവിലെ പുരോഗതിയെക്കുറിച്ച് അദ്ദേഹം ഇങ്ങനെ വിശദീകരിച്ചു: “ഇത് ഒരു അവയവത്തിലും ബാധിച്ചിട്ടില്ല, എന്‍റെ എല്ലുകൾക്ക് ശക്തിയുണ്ട്, ഇത് ആഴത്തിൽ തുളച്ചുകയറിയിട്ടില്ല. അതിനാൽ, എനിക്ക് സുഖം തോന്നുന്നു.” കാൻസർ ചികിത്സയുടെ ഭാഗമായി ഗുളികകൾ കഴിച്ചുതുടങ്ങിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രോസ്റ്റേറ്റ് കാൻസർ ചികിത്സയുടെ ഭാഗമായി ബൈഡൻ നിലവിൽ റേഡിയേഷൻ തെറാപ്പിയും ഹോർമോൺ ചികിത്സയും സ്വീകരിക്കുന്നതായി അദ്ദേഹത്തിന്‍റെ വക്താവ് സിഎൻഎന്നിനോട് സ്ഥിരീകരിച്ചു. ബൈഡന്‍റെ പേഴ്‌സണൽ ഓഫീസ് മെയ് മാസത്തിൽ പുറത്തുവിട്ട വിവരമനുസരിച്ച്, അദ്ദേഹത്തിന് അതിവേഗം പടരുന്ന പ്രോസ്റ്റേറ്റ് കാൻസറാണ് ബാധിച്ചത്. ഇത് എല്ലുകളിലേക്ക് വ്യാപിച്ചിരുന്നു.
അടുത്ത മാസം 83 വയസ് തികയുന്ന മുൻ പ്രസിഡന്റിന്റെ ചികിത്സാ കാലയളവിനെക്കുറിച്ച് വക്താവ് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടില്ല. പ്രോസ്റ്റേറ്റ് കാൻസർ വളരെ സാധാരണമാണ്. പ്രായം കൂടുമ്പോൾ, മിക്ക പുരുഷന്മാരിലും ചെറിയ കാൻസർ കോശങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട് എന്നാണ് ബൈഡന്‍റെ ചികിത്സയുമായി ബന്ധമില്ലാത്ത, യൂറോളജിസ്റ്റും റോബോട്ടിക് സർജനുമായ ഡോ. ജാമിൻ ബ്രഹ്മഭട്ട് മെയ് മാസത്തിൽ അഭിപ്രായപ്പെട്ടത്.