
വാഷിംഗ്ടൺ: ലൈംഗികാതിക്രമക്കേസിലെ പ്രതി ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട അന്വേഷണ ഫയലുകൾ പുറത്തുവിടുന്നതിനെതിരെ രൂക്ഷവിമർശനവുമായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. എപ്‌സ്റ്റീനെ മുൻപ് ‘നിഷ്കളങ്കമായി പരിചയപ്പെട്ട’ ബഹുമാന്യരായ പലരുടെയും സൽപ്പേരിനെ ഈ നടപടി ദോഷകരമായി ബാധിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ നീതിന്യായ വകുപ്പ് ഫയലുകൾ പുറത്തുവിട്ടു തുടങ്ങിയതിന് ശേഷമുള്ള ട്രംപിന്റെ ആദ്യ പ്രതികരണമാണിത്.
തിങ്കളാഴ്ച തന്റെ മിയാമിയിലെ മാർ-എ-ലാഗോ വസതിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫയലുകൾ പുറത്തുവിടുന്നതിലൂടെ റിപ്പബ്ലിക്കൻ പാർട്ടിയുടെ നേട്ടങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. പുറത്തുവന്ന ഫയലുകളിൽ മുൻ പ്രസിഡന്‍റ് ബിൽ ക്ലിന്റന്റെ നിരവധി ചിത്രങ്ങളുണ്ട്. ഇതിനോട് പ്രതികരിക്കവെ, “എനിക്ക് ബിൽ ക്ലിന്റണെ ഇഷ്ടമാണ്, അദ്ദേഹവുമായി എപ്പോഴും നല്ല ബന്ധമാണുള്ളത്. അദ്ദേഹത്തിന്റെ ഇത്തരം ചിത്രങ്ങൾ പുറത്തുവരുന്നത് കാണാൻ എനിക്ക് താല്പര്യമില്ല,” എന്ന് ട്രംപ് പറഞ്ഞു.
എപ്‌സ്റ്റീനൊപ്പമുള്ള തന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ടെന്ന് ട്രംപ് സമ്മതിച്ചു. “എല്ലാവരും ആ വ്യക്തിയോട് സൗഹൃദത്തിലായിരുന്നു. വർഷങ്ങൾക്ക് മുമ്പ് പാർട്ടികളിലോ മറ്റോ വെച്ച് അദ്ദേഹത്തെ കണ്ടുമുട്ടിയ ബാങ്കർമാർ, വക്കീലന്മാർ തുടങ്ങിയ പല ബഹുമാന്യരുടെയും ജീവിതം ഇതുവഴി തകരും,” ട്രംപ് കൂട്ടിച്ചേർത്തു. ചിത്രങ്ങൾ ഇത്തരത്തിൽ പരസ്യപ്പെടുത്തുന്നത് ‘ഭയാനകമായ കാര്യമാണെന്ന്’ വിശേഷിപ്പിച്ച ട്രംപ്, എപ്‌സ്റ്റീന്റെ കുറ്റകൃത്യങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത പലരും ഇതിലൂടെ വേട്ടയാടപ്പെടുകയാണെന്നും പറഞ്ഞു.















