
വാഷിംഗ്ടൺ: വിദേശ സഹായങ്ങള്‍ വെട്ടി സർക്കാർ എഫിഷ്യൻസി വകുപ്പ് മേധാവി ഇലോണ്‍ മസ്ക് ഏറ്റവും ദരിദ്രമായ രാജ്യങ്ങളിലെ കുട്ടികളെ കൊല്ലുകയാണെന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബില്‍ ഗേറ്റ്സ്. ലോകത്തിലെ ഏറ്റവും ധനികനായ മനുഷ്യൻ ലോകത്തിലെ ഏറ്റവും ദരിദ്രരായ കുട്ടികളെ കൊല്ലുന്നതിന്റെ ചിത്രം മനോഹരമല്ല എന്ന് ബില്‍ ഗേറ്റ്സ് പറഞ്ഞു. ദരിദ്ര രാജ്യങ്ങളിലെ അഞ്ചാംപനി, എച്ച്‌ഐവി, പോളിയോ തുടങ്ങിയ രോഗങ്ങള്‍ക്കെതിരെ പോരാടുന്നതിനുള്ള വർഷങ്ങളുടെ പ്രവർത്തനങ്ങള്‍ മസ്കിന്റെ നീക്കം മന്ദഗതിയിലാക്കിയിട്ടുണ്ടെന്നും ഗേറ്റ്സ് ആരോപിച്ചു.
എന്നാല്‍ ബില്‍ഗേറ്റ്സിന്റെ ആരോപണങ്ങള്‍ മസ്ക് നിഷേധിച്ചു. ‘ഗേറ്റ്സ് ഒരു വലിയ നുണയനാണ്’ എന്നാണ് മസ്ക് തുറന്നടിച്ചത്. ഗേറ്റ്സിന്റെ പ്രസ്താവനയ്ക്കെതിരെ വൈറ്റ് ഹൗസും രംഗത്തുവന്നു. ഭരണകൂടത്തില്‍ മസ്കിന്റെ ഇടപെടലിനെ പിന്തുണച്ചുകൊണ്ടാണ് വൈറ്റ് ഹൗസ് വ്യാഴാഴ്ച പ്രസ്താവന പുറത്തിറക്കിയത്. ധൂർത്ത്, തട്ടിപ്പ് , ദുരുപയോഗം എന്നിവ ഇല്ലാതാക്കുന്നതിന് പ്രസിഡന്റ് ട്രംപിന്റെ ദൗത്യം നിറവേറ്റുന്നതിനായി പ്രവർത്തിക്കുന്ന ദേശസ്നേഹിയാണ് ഇലോണ്‍ മസ്ക് എന്ന് വൈറ്റ് ഹൗസ് വക്താവ് പറഞ്ഞു.