
വാഷിംഗ്ടണ്‍: ചൈനയെ തടയാൻ അമേരിക്കയുടെ നിർണായക പങ്കാളിയാകേണ്ട ഇന്ത്യയെ സാമ്പത്തികമായി ദ്രോഹിക്കുന്ന ട്രംപിന്‍റെ നടപടികൾ ദോഷകരമാകുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. അടുത്തിടെ ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയതിന്‍റെ പേരിൽ 25 ശതമാനം അധിക താരിഫ് ട്രംപ് ഏർപ്പെടുത്തിയിരുന്നു. നേരത്തെ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം താരിഫ് ചുമത്തിയിരുന്നു. ഇതോടെ ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ താരിഫ് 50 ശതമാനമായി ഉയർന്നു.
ഇത് ഇന്ത്യയെയും ബ്രസീലിനെയും പോലുള്ള രാജ്യങ്ങളെ യുഎസിന്‍റെ സാമ്പത്തിക ശത്രുക്കളുടെ പട്ടികയിൽ പെടുത്തുന്നു. റഷ്യൻ എണ്ണയുടെ ഏറ്റവും വലിയ ഇറക്കുമതിക്കാരായ ചൈനയെ ട്രംപ് ഭരണകൂടം സമാനമായ ശിക്ഷാ നടപടികളിൽ നിന്ന് ഒഴിവാക്കിയെന്നതും ശ്രദ്ധേയമാണ്. ട്രംപിന്‍റെ റിപ്പബ്ലിക്കൻ സഹപ്രവർത്തകയായ നിക്കി ഹേലി, ന്യൂസ്‌വീക്കിലെ ഒരു ലേഖനത്തിൽ വാഷിംഗ്ടണിന്റെ വിദേശനയ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് അഭിപ്രായപ്പെട്ടു.
ചൈനയെപ്പോലെ ഇന്ത്യയെ ഒരു എതിരാളിയായി കണക്കാക്കരുതെന്നും ചൈനയെ ചെറുക്കാൻ കഴിയുന്ന ഒരേയൊരു രാജ്യമാണ് ഇന്ത്യയെന്നും അവർ പറഞ്ഞു. അതിനാൽ 25 വർഷത്തെ ഇന്ത്യ-യുഎസ് ബന്ധം തകർക്കുന്നത് ഒരു ദുരന്തമായിരിക്കും എന്നും അവർ മുന്നറിയിപ്പ് നൽകി. ട്രംപിന്‍റെ ഇന്ത്യൻ വ്യാപാര നയങ്ങൾ അമേരിക്കയുടെ ഏറ്റവും വലിയ വിദേശ നയപരമായ പിഴവാണ് എന്ന് ഭൗമരാഷ്ട്രീയ വിദഗ്ദ്ധൻ ഫരീദ് സക്കറിയ അഭിപ്രായപ്പെട്ടു. ഇന്ത്യക്കെതിരെ കടുത്ത താരിഫ് ചുമത്തുമ്പോൾ തന്നെ പാകിസ്ഥാനുമായുള്ള ബന്ധം ദൃഢമാക്കുന്ന ട്രംപിന്റെ നയം ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അമേരിക്കൻ സാമ്പത്തിക വിദഗ്ദ്ധനായ ജെഫ്രി സാക്സും ട്രംപിന്റെ നയങ്ങളെ ശക്തമായി വിമർശിച്ചു. ഇന്ത്യക്ക് മേൽ 50 ശതമാനം താരിഫ് ചുമത്തിയ ട്രംപിനെ അദ്ദേഹം ബ്രിക്സ് രാജ്യങ്ങളുടെ ഏകീകരണം സാധ്യമാക്കിയവൻ എന്നാണ് വിശേഷിപ്പിച്ചത്. യുഎസ് കോൺഗ്രസ് അംഗം ഗ്രിഗറി മീക്സും ട്രംപിന്റെ ഇന്ത്യൻ നയങ്ങളെ ശക്തമായി വിമർശിച്ചു. ട്രംപിന്റെ താരിഫ് അമിതാവേശം വാഷിംഗ്ടണും ന്യൂഡൽഹിയും തമ്മിൽ കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി കരുതലോടെ കെട്ടിപ്പടുത്ത പങ്കാളിത്തത്തിന് വലിയ വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു.