
ഷാജി രാമപുരം
ഡാലസ്: മാർത്തോമ്മ സഭയുടെ അടൂർ ഭദ്രാസനാധ്യക്ഷനും, കേരള കൗൺസിൽ ഓഫ് ചർച്ചസ് വൈസ് പ്രസിഡന്റും ആയ ബിഷപ്പ് മാത്യൂസ് മാർ സെറാഫിം നാളെ (ഞായർ) രാവിലെ 10 മണിക്ക് ആരാധനയ്ക്കും വിശുദ്ധ കുർബ്ബാന ശുശ്രൂഷയ്ക്കും ഡാലസ് കാരോൾട്ടൺ മാർത്തോമ്മ ഇടവകയിൽ മുഖ്യ കാർമ്മികത്വം വഹിക്കും.
ന്യൂയോർക്കിൽ വെച്ച് നടത്തപ്പെട്ട 35 – മത് മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന ഫാമിലി കോൺഫറൻസിന്റെ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനായിട്ടാണ് അമേരിക്കയിൽ ഹൃസ്വ സന്ദർശനത്തിനായി ബിഷപ്പ് മാർ സെറാഫിം എത്തിച്ചേർന്നത്.
നാളെ വൈകിട്ട് 5 മണിക്ക് ഡാലസിലെ പ്ലാനോയിലുള്ള സെഹിയോൻ മാർത്തോമ്മ ഇടവകയുടെ 21 – മത് ഇടവക ദിനാഘോഷ ചടങ്ങിലും വിശുദ്ധ കുർബ്ബാന ശുശ്രൂഷയ്ക്കും മുഖ്യ നേതൃത്വം നൽകും.
ജൂലൈ 14 തിങ്കളാഴ്ച വൈകിട്ട് 7 മണിക്ക് ഡാലസിലെ മെസ്ക്വിറ്റ് സെന്റ്.പോൾസ് മാർത്തോമ്മ ഇടവകയിൽ ആരാധന ശുശ്രൂഷക്ക് നേതൃത്വം നൽകും.
ജൂലൈ 15 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് ഡാലസ് ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ്മ ഇടവകയിൽ വെച്ച് ആദ്യമായി ഡാലസിൽ എത്തിച്ചേർന്ന ബിഷപ്പ് മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പായ്ക്ക് ഭദ്രാസന സൗത്ത് വെസ്റ്റ് റീജിയണൽ ആക്ടിവിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡാലസിലെ എല്ലാ മാർത്തോമ്മ ഇടവകളെയും പങ്കെടുപ്പിച്ചുകൊണ്ട് സമുചിതമായ വരവേൽപ്പ് നൽകും.
2023 ഡിസംബർ 2 ന് മാർത്തോമ്മ സഭയുടെ ആസ്ഥാനമായ തിരുവല്ലായിൽ വെച്ച് നടന്ന ചടങ്ങിൽ ആണ് സഖറിയാസ് മാർ അപ്രേം, ഡോ.ജോസഫ് മാർ ഇവാനിയോസ് എന്നീവരോടൊപ്പം സഭയിൽ എപ്പിസ്കോപ്പായായത്. മല്ലപ്പള്ളി സ്വദേശിയായ മാർ സെറാഫിം ദീർഘനാൾ സീഹോറ ആശ്രമത്തിൽ സന്യാസ ജീവിതം നയിക്കുകയായിരുന്നു.
ഡാലസിലെ വിവിധ മാർത്തോമ്മ ദേവാലയങ്ങളിൽ വെച്ച് നടത്തപ്പെടുന്ന പ്രസ്തുത ചടങ്ങുകളിലേക്ക് എല്ലാ വിശ്വാസ സമൂഹത്തെയും ക്ഷണിക്കുന്നതായി ചുമതലക്കാർ അറിയിച്ചു.
Bishop Mar Seraphim will lead the Holy Mass service at Martoma Parish in Dallas Carrollton tomorrow.