
ന്യൂഡല്‍ഹി : സുപ്രീം കോടതിക്കെതിരെ എംപിമാരായ നിഷികാന്ത് ദൂബെയും ദിനേശ് ശര്‍മ്മയും നടത്തിയ പ്രകോപനപരമായ പരാമര്‍ശങ്ങളില്‍ പ്രതികരണവുമായി ബിജെപി. വിവാദ പരാമര്‍ശങ്ങളില്‍ ബിജെപിക്ക് യാതൊരു ബന്ധവുമില്ലെന്നും തങ്ങള്‍ ജുഡീഷ്യറിയെ ബഹുമാനിക്കുന്നുവെന്നും ജെപി നദ്ദ വ്യക്തമാക്കി.
‘ബിജെപി എംപിമാരായ നിഷികാന്ത് ദൂബെയും ദിനേശ് ശര്‍മ്മയും ജുഡീഷ്യറിയെയും രാജ്യത്തിന്റെ ചീഫ് ജസ്റ്റിസിനെയും കുറിച്ച് നടത്തിയ പ്രസ്താവനകളുമായി ബിജെപിക്ക് യാതൊരു ബന്ധവുമില്ല. ഇവ അവരുടെ വ്യക്തിപരമായ പ്രസ്താവനകളാണ്, പക്ഷേ ബിജെപി അത്തരം പ്രസ്താവനകളോട് യോജിക്കുന്നില്ല, അത്തരം പ്രസ്താവനകളെ ഒരിക്കലും പിന്തുണയ്ക്കുന്നില്ല. ബിജെപി ഈ പ്രസ്താവനകളെ പൂര്‍ണ്ണമായും തള്ളിക്കളയുന്നു,’ – ജെപി നദ്ദ എക്സില്‍ ഇന്നലെ രാത്രിതന്നെ വ്യക്തത വരുത്തി. എംപിമാരോടും മറ്റുള്ളവരോടും ഇത്തരം അഭിപ്രായങ്ങള്‍ പറയരുതെന്ന് പറഞ്ഞിട്ടുണ്ടെന്നും ‘ജുഡീഷ്യറി നമ്മുടെ ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകമാണെന്നും’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ബിജെപി എല്ലായ്‌പ്പോഴും ജുഡീഷ്യറിയെ ബഹുമാനിക്കുകയും അതിന്റെ ഉത്തരവുകളും നിര്‍ദ്ദേശങ്ങളും സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്, കാരണം ഒരു പാര്‍ട്ടി എന്ന നിലയില്‍ സുപ്രീം കോടതി ഉള്‍പ്പെടെ രാജ്യത്തെ എല്ലാ കോടതികളും നമ്മുടെ ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകമാണെന്നും ഭരണഘടനയുടെ സംരക്ഷണത്തിന്റെ ശക്തമായ സ്തംഭമാണെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു. അത്തരം പ്രസ്താവനകള്‍ നടത്തരുതെന്ന് ഞാന്‍ അവരോടും മറ്റുള്ളവരോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്,’ കേന്ദ്ര ആരോഗ്യ മന്ത്രി കൂടിയായ നദ്ദ വ്യക്തമാക്കി.
ജാര്‍ഖണ്ഡിലെ ഗൊഡ്ഡയില്‍ നിന്നുള്ള എംപി നിഷികാന്ത് ദൂബേ, സുപ്രീം കോടതി ‘രാജ്യത്ത് മതയുദ്ധങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ഉത്തരവാദിയാണ്’ എന്ന് പറഞ്ഞിരുന്നു. ‘സുപ്രീം കോടതി അതിെന്റ പരിധികള്‍ ലംഘിക്കുന്നു’ എന്നും ഒരാള്‍ എല്ലാത്തിനും സുപ്രീം കോടതിയിലേക്ക് പോകേണ്ടിവരികയാണെങ്കില്‍ പിന്നെ പാര്‍ലമെന്റും സംസ്ഥാന നിയമസഭകളും അടയ്ക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു
നേരത്തെ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ സുപ്രീം കോടതിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ദൂബേയുടെയും പ്രതികരണം. ബില്ലുകള്‍ പാസാക്കുന്നതുമായി ബന്ധപ്പെട്ട് രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും സമയപരിധി നിശ്ചയിച്ചുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിന് പിന്നാലെയായിരുന്നു ധന്‍കറിന്റെ വിമര്‍ശനം.