
കൊല്ലം: ഛത്തീസ്ഗഢില്‍ മലയാളി കന്യാസ്ത്രീകളെ മനുഷ്യക്കടത്തും മതപരിവര്‍ത്തനവും ചുമത്തി അറസ്റ്റു ചെയ്ത സംഭവത്തില്‍ പ്രതിഛായ മങ്ങി ബിജെപി. കന്യാസ്ത്രീകള്‍ക്ക് 9 ദിവസത്തോളം ജയിലില്‍ കഴിയേണ്ടി വന്നതും ബിജെപി നേതാക്കള്‍ വേഗത്തില്‍ ജാമ്യം ലഭിക്കുമെന്ന് പറഞ്ഞത് പാലിക്കപ്പെടാതെ പോയതും അടക്കം തിരിച്ചടിയായിരുന്നു.
കന്യാസ്ത്രീ വിഷയത്തില്‍ ക്രൈസ്തവ വിശ്വാസികളും ഹിന്ദുത്വവാദികളും പാര്‍ട്ടിയില്‍നിന്ന് അകന്നതായി ബിജെപിക്കുള്ളില്‍ വിലയിരുത്തലുണ്ട്. ഇതോടെ നഷ്ടപ്രഭ തിരിച്ചുപിടിക്കാനുള്ള നീക്കം അണിയറയില്‍ തയ്യാറായി കഴിഞ്ഞു. ക്രൈസ്തവ സഭകളുടെ വിശ്വാസം തിരിച്ചുപിടിക്കാനായി അരമനകളില്‍ സന്ദര്‍ശനം നടത്താന്‍ ബിജെപി തീരുമാനിച്ചു. കന്യാസ്ത്രീകള്‍ക്ക് ജാമ്യം കിട്ടാന്‍ നടത്തിയ നീക്കങ്ങള്‍ സഭാ നേതൃത്വത്തെ അറിയിക്കുകയാണ് ലക്ഷ്യം.
പാര്‍ട്ടിയിലെ ക്രൈസ്തവ നേതാക്കളുടെ പ്രത്യേക യോഗത്തിലാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തത്. സംസ്ഥാന വൈസ് പ്രസിഡന്റ്‌റ് ഷോണ്‍ ജോര്‍ജിനെ ഇതിന്റെ ചുമതല ഏല്‍പ്പിച്ചു കഴിഞ്ഞു. ക്രൈസ്തവ നേതാക്കളെ മാത്രം അരമനകളിലേക്ക് അയയ്ക്കാനാണ് ലക്ഷ്യമിടുന്നത്. ഒരു മണിക്കൂറെങ്കിലും അരമനകളില്‍ ചെലവഴിക്കാനും നേതാക്കള്‍ക്ക് നിര്‍ദേശമുണ്ട്.
അതേസമയം ഛത്തീസ്ഗഢ് വിഷയത്തില്‍ കാണിച്ച തിടുക്കം മുന്നോട്ടുള്ള യാത്രയില്‍ പാര്‍ട്ടിക്ക് ദോഷംചെയ്യുമെന്ന നിലപാടിലാണ് ഒരു വിഭാഗം ബിജെപി സംസ്ഥാന നേതാക്കള്‍. പോരാത്തതിന് ഛത്തീസ്ഗഢ് സംഭവത്തില്‍ വിഎച്ച്പി, ഹിന്ദു ഐക്യവേദി തുടങ്ങിയ സംഘടനകള്‍ ബിജെപി സംസ്ഥാന നേതൃത്വത്തിനുമേല്‍ സമ്മര്‍ദം ശക്തമാക്കിയിട്ടുമുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ സംഘപരിവാര്‍ സംഘടനകളെ പിണക്കാനും നിലവില്‍ ബിജെപിക്ക് കഴിയില്ല.