‘തൊലി കറുത്തവര്‍ നാട് വിട്ടുപോകൂ…’ ഓസ്‌ട്രേലിയയില്‍ ഇന്ത്യക്കാര്‍ക്കെതിരെ വംശീയ അധിക്ഷേപം, ക്ഷേത്രത്തിലടക്കം ചുവരെഴുത്ത്, ഇന്ത്യന്‍ സമൂഹങ്ങള്‍ക്കിടയില്‍ ആശങ്ക

ന്യൂഡല്‍ഹി : ഇന്ത്യക്കാര്‍ക്കെതിരെ വംശീയ അധിക്ഷേപവുമായി ഓസ്‌ട്രേലിയയിലെ ക്ഷേത്രത്തിലും ഏഷ്യന്‍ റെസ്റ്റോറന്റുകളിലും ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടു. ‘തൊലി കറുത്തവര്‍ നാട് വിട്ടുപോകൂ’ എന്നാണ് ചുവരെഴുത്തുകളിലുള്ളത്. ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് ഓസ്‌ട്രേലിയയില്‍ ക്രൂരമായി മര്‍ദനമേറ്റതിന് പിന്നാലെയാണ് പുകിയ സംഭവവികാസം.

മെല്‍ബണിലെ സ്വാമിനാരായണ ക്ഷേത്രത്തിലും രണ്ട് റെസ്റ്റോറന്റുകളിലുമാണ് വിദ്വേഷകരമായ ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ, ഓസ്ട്രേലിയയിലെ ഇന്ത്യന്‍ സമൂഹങ്ങള്‍ക്കിടയില്‍ ആശങ്ക വര്‍ദ്ധിച്ചിട്ടുണ്ട്.

മെല്‍ബണിന്റെ കിഴക്കന്‍ പ്രാന്തപ്രദേശമായ ബൊറോണിയയിലെ വാദര്‍സ്റ്റ് ഡ്രൈവിലുള്ള ശ്രീ സ്വാമിനാരായണ ക്ഷേത്രം തിങ്കളാഴ്ച രാവിലെ ചുവന്ന പെയിന്റ് പൂശിയ വംശീയ അധിക്ഷേപങ്ങള്‍ കൊണ്ട് വികൃതമാക്കിയതായി ഓസ്ട്രേലിയ ടുഡേ വെബ് പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു. ബൊറോണിയ റോഡില്‍ സ്ഥിതി ചെയ്യുന്ന രണ്ട് റെസ്റ്റോറന്റുകളും അതേ ദിവസം തന്നെ അതേ അധിക്ഷേപങ്ങള്‍ കൊണ്ട് വികൃതമാക്കിയിരുന്നു.

അതേസമയം, ‘നമ്മുടെ സമൂഹത്തില്‍ വെറുപ്പിനെ അടിസ്ഥാനമാക്കിയുള്ളതും വംശീയവുമായ പെരുമാറ്റത്തിന് ഒരു സ്ഥാനവുമില്ല’ എന്നാണ് സംഭവം സ്ഥിരീകരിച്ച വിക്ടോറിയ പൊലീസ് പ്രതികരിച്ചത്.

‘ഇത് നമ്മുടെ വ്യക്തിത്വത്തിനും ആരാധനയ്ക്കുള്ള അവകാശത്തിനും മതസ്വാതന്ത്ര്യത്തിനും നേരെയുള്ള ആക്രമണമായി തോന്നുന്നു’ എന്ന് ഹിന്ദു കൗണ്‍സില്‍ ഓഫ് ഓസ്ട്രേലിയയുടെ വിക്ടോറിയ ചാപ്റ്ററിന്റെ പ്രസിഡന്റ് മക്രന്ദ് ഭഗവത് പറഞ്ഞു. വിക്ടോറിയയുടെ പ്രധാനമന്ത്രി ജസീന്ത അലന്‍ ക്ഷേത്ര മാനേജ്മെന്റിന് അയച്ച സ്വകാര്യ സന്ദേശത്തില്‍ ആക്രമണത്തെ ‘വെറുപ്പുളവാക്കുന്നതും’ ‘വംശീയത നിറഞ്ഞതുമാണെന്ന്’ വിശേഷിപ്പിച്ചു.

More Stories from this section

family-dental
witywide