
വാഷിംഗ്ടണ്‍ : 2025 ഏപ്രില്‍ 14ന് ആറ് വനിതകളുമായി വെസ്റ്റ് ടെക്‌സസില്‍ നിന്ന് കുതിച്ചുയരുന്ന ബ്ലൂ ഒറിജിന്റെ ന്യൂ ഷെപ്പോര്‍ഡ് റോക്കറ്റ് ബഹിരാകാശ സഞ്ചാര ചരിത്രത്തില്‍ പുതിയ അധ്യായം എഴുതും. എയ്റോസ്‌പേസ് കമ്പനിയായ ബ്ലൂ ഒറിജിന്‍ ആറ് സ്ത്രീകളെയാണ് ബഹിരാകാശത്തേക്ക് അയക്കുന്നത്. സംഘത്തില്‍ പ്രശസ്ത ഗായിക കാറ്റി പെറിയും ഉള്‍പ്പെടുന്നുണ്ട്. ഐഷ ബോവ്, അമാന്‍ഡ ന്യൂഗുയെന്‍, ഗെയ്ല്‍ കിംഗ്, കെറിയാന്‍ ഫ്‌ലിന്‍, ലോറന്‍ സാഞ്ചസ് എന്നിവരാണ് യാത്രയില്‍ പങ്കെടുക്കുന്ന മറ്റ് സ്ത്രീകള്‍.
ശതകോടീശ്വരന്‍ ജെഫ് ബെസോസിന്റെ നേതൃത്വത്തിലുള്ള ബ്ലൂ ഒറിജിനിന്റെ പുതിയ ‘ന്യൂ ഷെപ്പേര്‍ഡ്’ റോക്കറ്റ് നടത്തുന്ന മനുഷ്യ ബഹിരാകാശ ദൗത്യമാണ് NS-31. ഇതാദ്യമായാണ് ഒന്നിലധികം പേരുള്ള ഒരു ബഹിരാകാശ ദൗത്യത്തില്‍ ക്രൂ അംഗങ്ങളെല്ലാം വനിതകളാവുന്നത്. ഏകദേശം 10 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ യാത്രയില്‍, യാത്രക്കാര്‍ക്ക് നാല് മിനിറ്റ് വരെ ഭാരരഹിത അവസ്ഥ അനുഭവപ്പെടും. ഭൂമിക്കും ബഹിരാകാശത്തിനും ഇടയിലുള്ള കര്‍മാന്‍ ലൈനിന്റെ മുകളിലൂടെയായിരിക്കും ഈ ദൗത്യത്തില്‍ പേടകം സഞ്ചരിക്കുക.