യുഎസില്‍ 200,000 കാറുകള്‍ തിരികെ വിളിച്ച് ബിഎംഡബ്ല്യു; വീടിനോട് ചേര്‍ന്ന് നിര്‍ത്തിയിടല്ലേ, കാരണമിതാണ്

ന്യൂയോര്‍ക്ക്: യുഎസില്‍ 200,000 കാറുകള്‍ തിരികെ വിളിച്ച് ബിഎംഡബ്ല്യു. തീപിടിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. അമിതമായി ചൂടാകല്‍, ഷോര്‍ട്ട് സര്‍ക്യൂട്ട്, തീപിടിത്തത്തിന് കാരണമാകുന്ന അപകടങ്ങള്‍ എന്നിവയ്‌ക്കൊപ്പം എന്‍ജിന്‍ തകരാറും വ്യാപകമായതോടെയാണ് അമേരിക്കയില്‍ ഏകദേശം രണ്ട് ലക്ഷം വാഹനങ്ങള്‍ ബിഎംഡബ്ല്യു തിരിച്ചുവിളിക്കുന്നത്. ഈ വര്‍ഷം നവംബര്‍ 14 മുതല്‍ വാഹനങ്ങള്‍ ഔദ്യോഗിക തിരിച്ചുവിളിക്കാനുള്ള നോട്ടീസ് കമ്പനി പുറത്തിറക്കും. വാഹന ഉടമകള്‍ക്ക് അംഗീകൃത ബിഎംഡബ്ല്യു ഡീലര്‍ഷിപ്പുകള്‍ സന്ദര്‍ശിക്കാം.

2019-2022നും ഇടയില്‍ പുറത്തിറങ്ങിയ മോഡലുകളിലാണ് അപകടസാധ്യതയുള്ളതെന്നാണ് റിപ്പോര്‍ട്ടെങ്കിലും ഇക്കാര്യത്തില്‍ കമ്പനി ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല.

പാര്‍ക്കിംഗ് സുരക്ഷിതമാക്കണം

വാഹനം അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകുന്നതുവരെ സുരക്ഷിതമായ ഭാഗത്ത് പാര്‍ക്ക് ചെയ്യണം. വീടിനോടോ മറ്റ് ഓഫീസുകളോടോ ചേര്‍ന്ന് വാഹനം പാര്‍ക്ക് ചെയ്യരുതെന്നും റിപ്പോര്‍ട്ടുകളുണ്ട്. കാര്‍ പാര്‍ക്ക് ചെയ്തിരിക്കുമ്പോഴും ഓടുന്നതിനിടെയിലും തീപിടിക്കാന്‍ സാധ്യതയുണ്ട്.

എന്‍ജിന്‍ സ്റ്റാര്‍ട്ടര്‍ റിലേയില്‍ തുരുമ്പ് സാന്നിധ്യമുണ്ടായാല്‍ വാഹനം തകരാറിലാകുമെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. എഞ്ചിന്‍ സ്റ്റാര്‍ട്ടര്‍ റിലേ തുരുമ്പെടുത്താല്‍ അമിതമായി ചൂട് അനുഭവപ്പെടുകയും തുടര്‍ന്ന് ഷോര്‍ട്ട് സര്‍ക്യൂട്ടിന് കാരണമാകുകയും ചെയ്യും.