
വിമാനത്തിനുള്ളിൽ മരിച്ച ഇന്ത്യക്കാരന്റെ മൃതദേഹം ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ കണ്ടെത്തി. ഈ മാസം 13ന് ടർക്കിഷ് എയർലൈൻസ് വിമാനത്തിൽ ഇസ്താംബൂളിൽ നിന്ന് സാൻ ഫ്രാൻസിസ്കോയിലേക്ക് യാത്ര ചെയ്യുകയായിരുന്ന സത്യനാരായണ പസപുലേറ്റി (83) ആണ് വിമാനത്തിൽ വച്ച് മരിച്ചത്.
സത്യനാരായണയുടെ ആരോഗ്യം മോശമായതിനെ തുടർന്ന് വിമാനം ഷിക്കാഗോ ഓഹെയർ രാജ്യാന്തര വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ടു. വിമാനത്തിൽ വച്ച് മരിച്ച ഇയാളുടെ മൃതദേഹം ഷിക്കാഗോയിൽ വച്ച് വിമാനത്തിൽ നിന്ന് മാറ്റിയെന്നായിരുന്നു ആദ്യ വിവരം. എന്നാൽ, ഷിക്കാഗോയിലെ കുക്ക് കൗണ്ടി മെഡിക്കൽ എക്സാമിനർ ഓഫിസിലെ അധികൃതർ മൃതദേഹം ലഭിച്ചിട്ടില്ലെന്ന് അറിയിച്ചു. ഇത് വലിയ സംശയങ്ങൾക്ക് കാരണമായി.
മൃതദേഹം സാൻ ഫ്രാൻസിസ്കോയിലേക്കുള്ള മറ്റൊരു വിമാനത്തിൽ കയറ്റി അയച്ചതായി ടർക്കിഷ് എയർലൈൻസിന്റെ സാൻ ഫ്രാൻസിസ്കോ സ്റ്റേഷൻ മാനേജർ അറിയിച്ചുവെങ്കിലും കൂടുതൽ വിശദാംശങ്ങൾ നൽകിയില്ല. ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ, ഈ മാസം 25ഓടെ മൃതദേഹം സാൻ മാറ്റിയോ കൗണ്ടി കൊറോണർ ഓഫിസിൽ (സാൻ ഫ്രാൻസിസ്കോ രാജ്യാന്തര വിമാനത്താവളം സ്ഥിതി ചെയ്യുന്ന പ്രദേശം) കണ്ടെത്തിയതായി സ്ഥിരീകരിച്ചു.
ഇന്ധനം നിറയ്ക്കുന്നതിന് വേണ്ടിയാണ് വിമാനം ഷിക്കാഗോയിലേക്ക് വഴിതിരിച്ചുവിട്ടതെന്നും, യാത്രക്കാരന്റെ ബന്ധുക്കളുടെ അനുമതിയോടെ മൃതദേഹവുമായി സാൻ ഫ്രാൻസിസ്കോയിലേക്ക് യാത്ര തുടരാൻ തീരുമാനിക്കുകയായിരുന്നുവെന്നും ടർക്കിഷ് എയർലൈൻസ് പ്രസ്താവനയിൽ അറിയിച്ചു.
Body of Indian man who died on plane goes missing found days later