
വാഷിങ്ടണ്‍: പറന്നുയര്‍ന്നതിന് പിന്നാലെ എന്‍ജിന്‍ തകരാറിലായ വിമാനം സുരക്ഷിതമായി തിരിച്ചറക്കി. യുഎസിലെ വാഷിങ്ടണ്‍ വെർജിനിയ ഡള്ളസ് ഇൻ്റർനാഷനൽ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനമാണ് അപകടത്തില്‍നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. അഹമ്മദാബാദ് വിമാനാപകടത്തിലും ഉള്‍പ്പെട്ടതും ഇത്തരം വിമാനമായിരുന്നു.
ജൂലൈ 25-നായിരുന്നു സംഭവം. ജർമ്മനിയിലെ മ്യൂണിക്കിലേക്ക് പോകാനായി പറന്നുയര്‍ന്ന വിമാനം 5000 അടി ഉയരത്തിലെത്തിയതിന് പിന്നാലെ ഇടതുവശത്തെ എന്‍ജിന്‍ പ്രവര്‍ത്തനരഹിതമാവുകയായിരുന്നു.
പിന്നാലെ പൈലറ്റ് മെയ്‌ദെ സന്ദേശം എയര്‍ട്രാഫിക് കണ്‍ട്രോളിലേക്ക് അയച്ചു. തിരികെ വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ്ങിന് അവസരമൊരുക്കി. നിറയെ ഇന്ധനവുമായി പറന്നുയര്‍ന്ന വിമാനം തിരികെ ലാന്‍ഡ് ചെയ്യുന്നതിന് മുമ്പ് ഇന്ധനം കളയുന്നതിനായി രണ്ടര മണിക്കൂറോളമാണ് വിമാനത്താവളത്തിന് ചുറ്റും വട്ടമിട്ട് പറന്നത്.
ഈ സമയത്ത് ഡള്ളസ് വിമാനത്താവളത്തില്‍നിന്ന് മറ്റ് വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യുന്നതിനും പറന്നുയരുന്നതിനും നിയന്ത്രണമേര്‍പ്പെടുത്തി. ഇന്ധനം കളഞ്ഞതിന് ശേഷം ആശങ്കകള്‍ക്ക് വിരാമമിട്ട് വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. യാത്രക്കാര്‍ക്ക് ആര്‍ക്കും അപകടമുണ്ടായില്ല. ബോയിങ്ങിന്റെ 787 ഡ്രീംലൈനര്‍ വിഭാഗത്തില്‍ വരുന്ന വിമാനമാണ് 260 പേരുടെ മരണത്തിനിടയാക്കിയ അഹമ്മദാബാദ് വിമാനാപകടത്തിലും ഉള്‍പ്പെട്ടത്. അടുത്തിടെ ബോയിങ്ങിന്റെ വിമാനങ്ങള്‍ സാങ്കേതിക തകരാറുകളെ തുടര്‍ന്ന് തിരിച്ചിറക്കുന്ന സാഹചര്യങ്ങളുണ്ടായിട്ടുണ്ട്.
Boeing 787-8 Dreamliner one engine failed midair landed safely