
വാഷിംഗ്ടണ്‍ : നിരവധി സുരക്ഷാ ലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ബോയിംഗ് വിമാന കമ്പനിക്ക് 3.1 മില്യണ്‍ ഡോളര്‍ പിഴ ചുമത്തുമെന്ന് യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. 2023 അവസാനത്തിനും കഴിഞ്ഞ വര്‍ഷം തുടക്കത്തിനും ഇടയിലാണ് ബോയിംഗ് നിരവധി സുരക്ഷാ പിഴവുകള്‍ വരുത്തിയത്.
വാഷിംഗ്ടണിലെ റെന്റണിലുള്ള ബോയിംഗിന്റെ ഫാക്ടറിയിലും കന്‍സാസിലെ വിചിതയിലുള്ള പ്ലാന്റിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധ നടത്തുകയും നിയമ ലംഘനങ്ങള്‍ കണ്ടെത്തുകയുമായിരുന്നുവെന്ന് എഫ്എഎ വെള്ളിയാഴ്ച ഒരു പ്രസ്താവനയില്‍ പറഞ്ഞു.
പറക്കാന്‍ യോഗ്യമല്ലാത്ത രണ്ട് വിമാനങ്ങള്‍ക്ക് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി കമ്പനി ശ്രമിച്ചുവെന്നും, കൂടാതെ കമ്പനി അതിന്റെ ഡെലിവറി ഷെഡ്യൂള്‍ പാലിക്കാന്‍ വേണ്ടി ആവശ്യമായ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഒരു വിമാനത്തിന് ഫിറ്റ്‌നസ് നല്‍കാന്‍ ഉദ്യോഗസ്ഥനെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും എഫ്എഎ പറയുന്നു.
2024 ജനുവരിയില്‍ അലാസ്‌ക എയര്‍ ഗ്രൂപ്പ് ഇന്‍കോര്‍പ്പറേറ്റഡ് 737 മാക്‌സ് ജെറ്റില്‍ നിന്നുള്ള ഡോര്‍ പ്ലഗ് ആകാശത്ത് വെച്ച് പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ് എഫ്എഎ നടപടി സ്വീകരിച്ചത്. ഇത് ബോയിംഗിനെ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയും അന്നത്തെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡേവ് കാല്‍ഹൗണിനെ പുറത്താക്കുകയും ചെയ്യുന്ന സ്ഥിതിയിലേക്ക് എത്തിച്ചിരുന്നു.