ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് ബോണ്ടി ബീച്ച് വെടിവെപ്പിലെ പ്രതികൾ ഫിലിപ്പീൻസിലെത്തി; അവിടെനിന്ന് സിഡ്‌നിയിലേക്ക്

ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ആക്രമണം നടത്തിയ പ്രതികൾ ഫിലിപ്പീൻസ് സന്ദർശിച്ചിരുന്നതായി ഇമിഗ്രേഷൻ അധികൃതരെ ഉദ്ധരിച്ച് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. പ്രതികളായ സാജിദ് അക്രമും മകൻ നവീദ് അക്രമുമാണ് ഫിലിപ്പീൻസ് സന്ദർശിച്ചത്. ഫിലിപ്പീൻസ് സന്ദർശനത്തിന് ഉപയോഗിച്ചത് ഇന്ത്യൻ പാസ്പോർട്ട് ആണെന്നും നവംബർ ഒന്നിനാണ് ഇവർ ഫിലിപ്പീൻസ് സന്ദർശിച്ചതെന്നും ഇപ്പോൾ പുറത്തുവന്ന റിപ്പോർട്ടിൽ പറയുന്നു.

ഇവർ ഇവിടെ നിന്ന് നവംബർ 28ന് തിരികെ പോയതായും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഫിലിപ്പീൻസ് അധികൃതർ പറഞ്ഞു.ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഞായറാഴ്ച ജൂത ആഘോഷമായ ഹാനുക്കയുടെ ഭാഗമായ പരിപാടി നടക്കുന്നതിനിടെ 50 വയസ്സുകാരൻ സാജിദ് അക്രവും 24 കാരാനായ മകൻ നവീദ് അക്രവുമാണ് ആൾക്കൂട്ടത്തിനുനേരേ വെടിവെച്ചത്. ഇവരിൽ സാജിദ് അക്രം പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടു. പരിക്കേറ്റ മകൻ ചികിത്സയിലാണ്.

വെടിവെപ്പിൽ 15 പേർക്ക് ജീവൻ നഷ്ടമായി. പത്തുവയസ്സുകാരിയും ജൂതപുരോഹിതനും ഇസ്രയേൽ പൗരനും നാസികളുടെ ജൂതവംശഹത്യയെ അതിജീവിച്ചയാളും മരിച്ചവരിൽ ഉൾപ്പെടുന്നു. പരിക്കേറ്റ 42 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. വിദ്യാർഥി വിസയിൽ 1998-ലാണ് സാജിദ് ഓസ്ട്രേലിയയിലെത്തിയത്. ഇയാൾ ഏതുരാജ്യത്തുനിന്നാണ് കുടിയേറിയതെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പാക് വംശജനാണെന്ന് ചില പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത‌ിരുന്നു.

നവീദ് ഓസ്ട്രേലിയയിലാണ് ജനിച്ചത്. ഓസ്ട്രേലിയയുടെ ആഭ്യന്തര ചാരസംഘടനയായ ദി ഓസ്ട്രേലിയൻ സെക്യൂരിറ്റി ഇന്റലിജൻസ് ഏജൻസി 2019-ൽ നവീദിനെക്കുറിച്ച് ആറുമാസത്തോളം അന്വേഷണം നടത്തിയിരുന്നതായി ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ് തിങ്കളാഴ്‌ച പറഞ്ഞു. സിഡ്‌നിയിൽ പ്രവർത്തിക്കുന്ന ഇസ്ല‌ാമിക് സ്റ്റേറ്റ് സംഘവുമായി ഇയാൾക്കുള്ള ബന്ധത്തെക്കുറിച്ചാണ് ഏജൻസി അന്വേഷിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. സംഭവസ്ഥലത്തുനിന്ന് രണ്ട് ഐഇഡികൾ ലഭിച്ചെന്നും ബോംബുകൾ നിർവീര്യമാക്കിയെന്നും അധികൃതർ അറിയിച്ചു.

Bondi Beach shooting suspects used Indian passports to reach Philippines; from there to Sydney

More Stories from this section

family-dental
witywide