
വാഷിംഗ്ടൺ: വിദ്വേഷ പ്രസംഗം നടത്തുന്നവരെ ലക്ഷ്യമിടുമെന്ന് യുഎസ് അറ്റോർണി ജനറൽ പാം ബോണ്ടി. ഡെമോക്രാറ്റിക് പെൻസിൽവാനിയ ഗവർണർ ജോഷ് ഷാപ്പിറോയുടെ വീടിന് നേരെ നടന്ന ആക്രമണവും യാഥാസ്ഥിതിക നേതാവ് ചാർളി കിർക്കിന്റെ കൊലപാതകവും ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണ് ബോണ്ടി വിദ്വേഷ പ്രസംഗങ്ങളെ അപലപിച്ചത്.
കേറ്റി മില്ലറുടെ പോഡ്കാസ്റ്റിൽ സംസാരിക്കവെയാണ് അവർ ഇക്കാര്യം പറഞ്ഞത്. “വിദ്വേഷ പ്രസംഗങ്ങൾ നടത്തുന്നവരെ നിങ്ങൾ പിന്തുടരുമോ, അവരെ അറസ്റ്റ് ചെയ്യുമോ?” എന്ന് മില്ലർ ചോദിച്ചപ്പോൾ ബോണ്ടി മറുപടി നൽകി:
“വിദ്വേഷ പ്രസംഗങ്ങളിലൂടെ ആരെയെങ്കിലും ലക്ഷ്യമിടുകയാണെങ്കിൽ, നിങ്ങളെ തീർച്ചയായും ഞങ്ങൾ ലക്ഷ്യമിടും, നിങ്ങളുടെ പിന്നാലെ വരും. ഇത് എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ബാധകമാണ്.”
പോഡ്കാസ്റ്റിൽ അവർ പിന്നീട് ഓഫീസ് ഡിപ്പോ ജീവനക്കാരെക്കുറിച്ചും സംസാരിച്ചു. കിർക്കിന് വേണ്ടിയുള്ള ഒരു പോസ്റ്റർ പ്രിന്റ് ചെയ്യാൻ വിസമ്മതിച്ച ഓഫീസ് ഡിപ്പോ ജീവനക്കാരെക്കുറിച്ച് അന്വേഷിക്കണമെന്ന് മില്ലർ നിർദേശിച്ചു. ഓഫീസ് ഡിപ്പോയ്ക്ക് അങ്ങനെ ചെയ്യാൻ കഴിയില്ലെന്നും അവർ ഉത്തരവാദിത്തം പറയേണ്ടി വരുമെന്നും ബോണ്ടി പറഞ്ഞു.
“അവർക്ക് അങ്ങനെ ചെയ്യാൻ കഴിയില്ല, അവർക്ക് അതിന് ഉത്തരവാദിത്തമുണ്ട്. ഞങ്ങൾ അവരെ പരസ്യമായി നാണം കെടുത്തുകയും ചെയ്യും,” ബോണ്ടി കൂട്ടിച്ചേർത്തു.