
ബ്രസീലിയ: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ താരിഫ് ഭീഷണികൾക്കെതിരെ രൂക്ഷമായി പ്രതികരിച്ച് ബ്രസീലിയൻ പ്രസിഡന്‍റ് ലൂയിസ് ഇനാസിയോ ലൂല ഡ സിൽവ. ട്രംപ് അമേരിക്കയുടെ നേതാവായിട്ടാണ് തിരഞ്ഞെടുക്കപ്പെട്ടതെന്നും ലോകത്തിന്റെ ചക്രവർത്തിയല്ലെന്നും ലൂല തുറന്നടിച്ചു. ട്രംപ് തന്‍റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്ത കത്ത് പ്രകാരം ഓഗസ്റ്റ് 1 മുതൽ 50 ശതമാനം താരിഫ് ഏർപ്പെടുത്തുമെന്ന് ബ്രസീലിനെ ഭീഷണിപ്പെടുത്തിയിരുന്നു.
ബ്രസീലിലെ വലതുപക്ഷ മുൻ പ്രസിഡന്‍റ് ജെയർ ബോൾസോനാരോക്കെതിരായ വേട്ടയാടൽ വിചാരണയുമായി ഈ ഭീഷണിയെ ട്രംപ് ബന്ധിപ്പിച്ചിരുന്നു. ട്രംപിന്‍റെ അടുത്ത സഖ്യകക്ഷിയായ ബോൾസോനാരോ, 2022ൽ ലൂല പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെ അദ്ദേഹത്തെ അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന കേസിൽ വിചാരണ നേരിടുകയാണ്.
അട്ടിമറിക്ക് പിന്നിൽ പ്രവർത്തിച്ചുവെന്ന് തെളിഞ്ഞാൽ അദ്ദേഹത്തിന് നാല് പതിറ്റാണ്ടിലേറെ തടവ് ശിക്ഷ ലഭിച്ചേക്കും.
ട്രംപിന്‍റെ ഭീഷണികൾ പ്രോട്ടോക്കോൾ ലംഘിച്ചുവെന്ന് ലൂല ഡ സിൽവ വ്യക്തമാക്കി. തന്‍റെ മുൻഗാമിയുടെ വിധി വ്യാപാര ചർച്ചകളുടെ ഭാഗമാൃക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.