
വാഷിംഗ്ടൺ: അമേരിക്കയിയിലെ റോഡ് ഐലൻഡിലുള്ള ബ്രൗൺ യൂണിവേഴ്‌സിറ്റിയില്‍ നടന്ന കൂട്ട വെടിവെയ്പ്പിൽ അക്രമിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് എഫ്‌ബിഐ. പ്രതി വെടിവയ്പ്പിനു ശേഷം യൂണിവേഴ്‌സിറ്റിക്കു സമീപത്തുകൂടി നടക്കുന്നതിൻ്റെ നിരവധി സിസിടിവി ദൃശ്യങ്ങളാണ് എഫ്ബിഐ പുറത്തുവിട്ടിരിക്കുന്നത്. ഈ ദൃശ്യങ്ങളിൽ പൊലീസിനു സമീപത്തുകൂടി തോക്കുധാരി നടന്നുപോകുന്നതും കാണാം.
പ്രാദേശിക സമയം വൈകുന്നേരം 4:03 ന് നടന്ന വെടിവയ്പ്പിന് തൊട്ടുപിന്നാലെ, ബ്രൗൺ കാമ്പസിലെ “ലോട്ട് 42” എന്ന് അന്വേഷകർ വിശേഷിപ്പിച്ച സ്ഥലത്ത് നിന്ന് ഹോപ്പ് സ്ട്രീറ്റിലേക്ക് അക്രമി നടന്നുവരുന്നത് വീഡിയോയിലുണ്ട്. ഇയാൾ തെരുവ് മുറിച്ചുകടക്കുമ്പോൾ സമീപത്ത് ഒരു പൊലീസ് ഉദ്യോഗസ്ഥൻ തന്റെ വാഹനത്തിൽ നിന്ന് ഇറങ്ങി കാമ്പസിലേക്ക് നടക്കുന്നതും കാണാം. എഫ്‌ബിഐ പുറത്തുവിട്ട മറ്റ് വീഡിയോകളിൽ, വെടിവയ്പ്പിന് മുമ്പും ശേഷവുമ തല മുതൽ കാൽ വരെ ഇരുണ്ട വസ്ത്രം ധരിച്ച അതേ വ്യക്തി ക്യാമ്പസിനടുത്തുള്ള ഒരു റെസിഡൻഷ്യൽ ഏരിയയിലൂടെ നടക്കുന്നത് കാണാം. ഉച്ചയ്ക്ക് 2 മണിയോടെ ഇയാളുടെ സാന്നിധ്യം പ്രദേശത്തുണ്ടായിരുന്നു. എഫ്‌ബിഐ പുറത്തുവിട്ട വീഡിയോയിൽ ശനിയാഴ്ച വൈകുന്നേരം 4:07 ന് ഹോപ്പ് സ്ട്രീറ്റിൽ നിന്ന് വടക്കോട്ട് ആ വ്യക്തി നടന്നുപോകുന്നതും കാണാം.
വെടിവയ്പ്പ് നടന്ന ദിവസം രാവിലെ 10:30 ഓടെ ആ വ്യക്തി പ്രദേശത്ത് കാണപ്പെട്ടതായി പ്രൊവിഡൻസ് പൊലീസ് ഡിപ്പാർട്ട്‌മെന്റ് മേധാവി കേണൽ ഓസ്‌കാർ പെരസ് ചൊവ്വാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. കുറ്റകൃത്യം ചെയ്യാൻ അയാൾ ഈ പ്രദേശത്ത് ഒളിഞ്ഞിരിക്കുകയായിരുന്നുവെന്ന് ഞങ്ങൾ വിശ്വസിക്കുന്നു,” പെരസ് പറഞ്ഞു.
വീഡിയോയിലെ വ്യക്തിയെ തിരിച്ചറിയുന്നവർ ഉടൻ അന്വേഷണ ഉദ്യോഗസ്ഥരെ ബന്ധപ്പെടണമെന്നും കൃത്യമായ വിവരം നൽകുന്നവർക്ക് 50,000 ഡോളർ വരെ പാരിതോഷികം നൽകുമെന്നും എഫ്‌ബിഐ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച വൈകുന്നേരം നടന്ന വാർത്താ സമ്മേളനത്തിൽ, ഇതുവരെ നൂറുകണക്കിന് സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. നേരത്തെ കസ്റ്റഡിയിൽ എടുത്തയാളെ വിട്ടയച്ചിരുന്നു.
Brown University shooting: Gunman escapes after approaching police, $50,000 reward offered for information














