
ന്യൂഡല്‍ഹി : ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍വെച്ച് ഇന്ത്യന്‍ വംശജനുനേരെ അതിക്രൂര ആക്രമണം. അടിയും കുത്തുമേറ്റ് ഗുരുതരമായി പരുക്കേറ്റ സൗരഭ് ആനന്ദിനെ (33) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നട്ടെല്ലിനും കയ്യിലും ഒന്നിലധികം ഒടിവുകളുണ്ട്. ഷോപ്പിങ് കേന്ദ്രത്തിനു പുറത്തുവെച്ചാണ് യുവാവ് അതിക്രമത്തിന് ഇരയായത്. കൗമാരക്കാരായ ഒരു സംഘമാണ് ആക്രമണത്തിന് പിന്നില്‍. നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഷോപ്പിങ് സെന്ററിലെ ഒരു ഫാര്‍മസിയില്‍ നിന്ന് രാത്രി മരുന്ന് വാങ്ങി മടങ്ങുകയായിരുന്നു സൗരഭ്. അപ്പോഴേക്കും അടുത്തെത്തിയ അഞ്ചുപേര്‍ ആക്രമിക്കുകയായിരുന്നു. നിലത്തു വീഴുന്നതുവരെ ഒരാള്‍ സൗരഭിനെ അടിച്ചു. മറ്റൊരാള്‍ കഴുത്തില്‍ ആയുധംവച്ചു. സൗരഭ് പ്രതിരോധിച്ചപ്പോള്‍ ആയുധം ദേഹത്തേക്ക് തുളച്ചു കയറ്റി. ‘ വേദന മാത്രമാണ് ഓര്‍മയുള്ളത്, എന്റെ കൈ മുറിവേറ്റ് തൂങ്ങിക്കിടക്കുകയായിരുന്നു’ സൗരഭ് മാധ്യമങ്ങളോട് പറഞ്ഞു.
സൗരഭിന്റെ തോളിലും പുറത്തും കുത്തേറ്റിട്ടുണ്ട്. തലയ്ക്കും പരുക്കേറ്റു. പൊലീസ് എത്തിയാണ് സൗരഭിനെ ആശുപത്രിയിലെത്തിച്ചത്. യുവാവ് തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണ്. വിദേശ രാജ്യങ്ങളില്‍ ഇന്ത്യന്‍ വംശജര്‍ക്കുനേരെ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്നത് ഇന്ത്യന്‍ സമൂഹത്തിന് ആശങ്കയുണ്ടാക്കുന്നുണ്ട്.