കാൻബെറ: ഓസ്ട്രേലിയയിൽ അഞ്ചംഗ സംഘം ഇന്ത്യൻ വിദ്യാർഥിയെ ക്രൂരമായി മർദിക്കുകയും വംശീയാധിക്ഷേപം നടത്തുകയും ചെയ്‌തതായി പരാതി. ജൂലൈ 19-നാണ് സംഭവം. ഗുരുതരമായ പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമത്തിൽ യുവാവിൻ്റെ മുഖത്തെ എല്ലുകൾക്ക് പൊട്ടലും തലച്ചോറിന് ക്ഷതവും സംഭവിച്ചിട്ടുണ്ട്.
കിന്റോർ അവന്യൂവിനടുത്ത് ഭാര്യയോടൊപ്പം ദീപാലങ്കാരങ്ങൾ കാണാനെത്തിയ ചരൺപ്രീത് സിങ് എന്ന 23-കാരനാണ് ആക്രമത്തിനിരയായത്. അക്രമികൾ മൂർച്ചയുള്ള വസ്‌ക്കൾ ഉപയോഗിച്ച് യുവാവിനെ മർദിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. “ഇന്ത്യക്കാരാ, തുലയൂ” (f**** off, Indian) എന്ന് ഉൾപ്പെടെയുള്ള അധിക്ഷേപ പരാമർശങ്ങളും അക്രമികൾ നടത്തുന്നുണ്ട്. യുവാവിനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഗുരുതരമായ പരിക്കേറ്റ യുവാവിനെ അക്രമികൾ റോഡിൽ ഉപേക്ഷിക്കുകയായിരുന്നു. കാർ പാർക്കിങ്ങുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്ക് നീങ്ങിയതെന്നും പിന്നീട് വംശീയാധിക്ഷേപമായി മാറുകയായിരുന്നുവെന്നും യുവാവ് പ്രതികരിച്ചതായാണ് 9ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.
അവർ ഇന്ത്യക്കാരാ, തുലയൂ എന്ന് പറഞ്ഞു. അതിനുശേഷം ഇടിക്കാൻ തുടങ്ങി. നിങ്ങളുടെ ശരീരത്തിലെ എന്തും നിങ്ങൾക്ക് മാറ്റാൻ കഴിയും, പക്ഷേ നിറം മാറ്റാൻ കഴിയില്ല. ഇതുപോലുള്ള സംഭവങ്ങൾ ഉണ്ടാകുമ്പോൾ, തിരികെ പോകണമെന്ന് തോന്നിപ്പോകുമെന്ന് യുവാവ് പറഞ്ഞു. ആക്രമണം സൗത്ത് ഓസ്ട്രേലിയ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും അധികൃതർ വ്യക്തമാക്കി.












