നഴ്‌സിങ് കോളജില്‍ നടന്നത് അതിക്രൂര പീഡനം : വാര്‍ഡന്‍ അടക്കം ആരും അറിഞ്ഞില്ല, ഇരകള്‍ വേദനകൊണ്ട് പുളയുമ്പോള്‍ പ്രതികള്‍ ആസ്വദിച്ചു

കോട്ടയം: കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച് കോട്ടയം നഴ്‌സിങ് കോളജില്‍ നടന്ന അതിക്രൂര റാഗിങ്ങ് കേസില്‍ കുറ്റപത്രം ഇന്ന് ഏറ്റുമാനൂര്‍ കോടതിയില്‍ ഹാജരാക്കും. ആതുര സേവന രംഗത്ത് മാതൃകയാകേണ്ടവരാണ് പ്രതികളായവരെന്നും അവര്‍ നടത്തിയത് കൊടിയ പീഡനമാണെന്നും അന്വേഷണ സംഘം കുറ്റപത്രത്തില്‍ പറയുന്നു.
കുറ്റപത്രത്തില്‍ വിദ്യാര്‍ഥികള്‍ മാത്രമാണ് പ്രതികള്‍. മുന്‍പും റാഗിങ് നടത്തിയിട്ടുണ്ടെങ്കിലും ഹോസ്റ്റല്‍ വാര്‍ഡന്‍ അടക്കം മറ്റാരും അത് അറിഞ്ഞിരുന്നില്ലെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. പ്രതികള്‍ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധനയും പൊലീസ് നടത്തിയിരുന്നു. ഇതും കുറ്റപത്രത്തോടൊപ്പം സമര്‍പ്പിക്കും.

പ്രതികളുടെ ക്രൂരതയില്‍ വേദന കൊണ്ട് വിദ്യാര്‍ഥികള്‍ പുളയുമ്പോള്‍ പ്രതികള്‍ അതില്‍ ആനന്ദം കണ്ടെത്തിയെന്നും കുറ്റപത്രത്തില്‍ ആരോപിക്കുന്നു. മാത്രമല്ല, ഇരകളായവരില്‍ നിന്ന് മദ്യപിക്കാനായി നിരന്തരം പ്രതികള്‍ പണം ആവശ്യപ്പെട്ടിരുന്നു എന്നും കോളജില്‍ പ്രവേശന സമയത്ത് വിദ്യാര്‍ഥികള്‍ നല്‍കിയ ആന്റി റാഗിങ്ങുമായി ബന്ധപ്പെട്ട സത്യവാങ്മൂലത്തിന്റെ ലംഘനമാണ് കൊടിയ പീഡനമെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു.

More Stories from this section

family-dental
witywide