സംസ്ഥാനത്ത് റാഗിംഗ് കേസുകള്‍ പെരുകുന്നു, സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുന്നില്ലെന്ന് വിമര്‍ശനം; പരിഗണിക്കാന്‍ ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച്

കൊച്ചി : സംസ്ഥാനത്ത് റാഗിംഗ് കേസുകളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ഇവ പരിഗണിക്കാന്‍ ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച്. നിയമസേവന അതോറിറ്റിയുടെ പൊതുതാത്പര്യ ഹര്‍ജിയെ തുടര്‍ന്നാണ് ചീഫ് ജസ്റ്റിസിന്റെ നടപടി.

അടുത്തിടെ റിപ്പോര്‍ട്ട് ചെയ്ത റാഗിംഗ് കേസുകളില്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുന്നില്ലെന്ന് നിയമ സേവന അതോറിറ്റിയുടെ വിമര്‍ശനം ഉയര്‍ന്നു. സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും ശക്തമായ നിരീക്ഷണ സംവിധാനങ്ങള്‍ ഉണ്ടാക്കണമെന്നും ആവശ്യപ്പെട്ടു.

സ്‌കൂളുകളില്‍ റാഗിംഗ് വിരുദ്ധ സ്‌ക്വാഡുകള്‍ രൂപീകരിക്കണം.വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ,സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവ സംസ്ഥാന തല നിരീക്ഷക സമിതി മുന്‍പാകെ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിയമ സേവന അതോറിറ്റി ആവശ്യപ്പെട്ടു. കൂടാതെ, റാഗിംഗ് സെല്ലുകള്‍ രൂപീകരിക്കാനെടുത്ത നടപടികള്‍ സര്‍ക്കാര്‍ അറിയിക്കാന്‍ നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.